ശ്രീനഗര്‍: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ അട്ടിമറികളില്‍ ഒന്നാണ് ജമ്മു കശ്മീരിലെ ബാരാമുല്ലയില്‍ അബ്ദുല്‍ റാഷിദ് ശെയ്ഖിന്റെ വിജയം. ( Jailed politician Abdul Rashid defeats Ex-CM Omar Abdullah in Baramulla ) മുന്‍ മുഖ്യ മന്ത്രി കൂടിയായ ഉമര്‍ അബ്ദുല്ലയെ റാഷിദ് അട്ടിമറിച്ചത് രണ്ട് ലക്ഷത്തിലേറെ വോട്ടിന്. അതും ജയിലില്‍ കിടന്നു കൊണ്ട്. ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കുന്നു എന്നാരോപിച്ച് അഞ്ചു വര്‍ഷം മുമ്പ് എന്‍ഐഎ ജയിലില്‍ അടച്ച റാഷിദിന്റെ ഞെട്ടിക്കുന്ന വിജയം കശ്മീരിലെ സാധാരണക്കാരുടെ വിജയം കൂടിയാണ്.
|
സാധാരണക്കാരില്‍ സാധാരണക്കാരന്‍. ലളിത വേഷമായ ഖാന്‍ സ്യൂട്ടില്‍ ബസ്സിലും വഴിയേ പോകുന്ന മോട്ടോര്‍ സൈക്കിളിന് കൈകാട്ടി പിന്നില്‍ കയറിയും സഞ്ചരിക്കുന്ന ജനകീയന്‍. ഇതായിരുന്നു കശ്മീരികളെ സംബന്ധിച്ചിടത്തോളം എന്‍ജിനീയര്‍ റാഷിദ് എന്ന് വിളിക്കുന്ന അബ്ദുല്‍ റാഷിദ് ശെയ്ഖ്.
പാകിസ്താന്‍ അതിര്‍ത്തിയിലുള്ള നിയന്ത്രണ രേഖയില്‍ സുരക്ഷാ സേന ഗ്രാമവാസികളെ നിര്‍ബന്ധിത ജോലിക്ക് വിധേയമാക്കുന്ന ബെഗാര്‍ സംവിധാനത്തിനെതിരേ പൊരുതിയാണ് റാഷിദ് ജനശ്രദ്ധ നേടിയത്. 2005ല്‍ ഭീകരവാദികളെ സഹായിക്കുന്നു എന്നാരോപിച്ച് റാഷിദിനെ മൂന്ന് മാസം ജയിലില്‍ അടച്ചിരുന്നു. കൊല്ലപ്പെട്ട ഹുര്‍റിയത്ത് നേതാവും ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് സ്ഥാപക നേതാവുമായ അബ്ദുല്‍ ഗനി ലോണിന്റെ സന്തത സഹചാരിയുമായിരുന്നു റാഷിദ്.

സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ ബീഫ് പാര്‍ട്ടി നടത്തി എന്നാരോപിച്ച് 2015ല്‍ ജമ്മു കശ്മീര്‍ അസംബ്ലിക്കകത്ത് വച്ച് ബിജെപി എംഎല്‍എ റാഷിദിനെ മര്‍ദ്ദിച്ചത് വലിയ വാര്‍ത്തയായിരുന്നു. പശുവിന്റെ പേരില്‍ ആളുകളെ തല്ലിക്കൊല്ലുന്ന സംഘപരിവാര ഗുണ്ടായിസത്തിനെതിരായ പ്രതിഷേധമായിരുന്നു ബീഫ് പാര്‍ട്ടി. രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ഡല്‍ഹി പ്രസ് ക്ലബ്ബ് പരിസരത്ത് സംഘപരിവാര പ്രവര്‍ത്തകര്‍ റാഷിദിന്റെ മുഖത്ത് കരി ഓയില്‍ ഒഴിച്ചു. ദാദ്രിയിലും ഉധംപൂരിലും നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ നരേന്ദ്ര മോദി മാപ്പ് പറയണം എന്നാവശ്യപ്പെട്ടതായിരുന്നു കുറ്റം.
ജമ്മു കശ്മീരിന്റെ സ്വയംഭരണാധികാരം എടുത്ത കളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരായ പൊതുജനവികാരമാണ് റാഷിദിന്റെ വിജയത്തിന് പിന്നിലെന്നാണ് ശ്രീനഗറിലെ മാധ്യമ പ്രവര്‍ത്തകനായ മുഹമ്മദ് സഈദ് മാലികിന്റെ അഭിപ്രായം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരായ പ്രക്ഷോഭത്തിനിടെയാണ് 2019 ആഗസ്ത് 5ന് റാഷിദ് അറസ്റ്റിലാവുന്നത്. ഇത്തരം തിരിച്ചടികള്‍ ഭയന്നാണ് കശ്മീരിലെ മൂന്ന് സീറ്റുകളിലും ബിജെപി സ്ഥാനാര്‍ഥികളെ നിര്‍ത്താതിരുന്നത്.
തെരുവില്‍ ജനങ്ങളോടൊപ്പം നിന്ന് പൊരുതുന്ന എംഎല്‍എ, അതായിരുന്നു കശ്മീരികളെ സംബന്ധിച്ചിടത്തോളം റാഷിദ്. രണ്ട് തവണ എംഎല്‍എ സ്ഥാനത്ത് എത്തിയ റാഷിദ് എല്ലാ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരായ പോരാട്ടത്തിലും മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു. പല തവണ സുരക്ഷാ സേന തല്ലിച്ചതച്ചിട്ടും ജയിലില്‍ അടച്ചിട്ടും റാഷിദിന്റെ പോരട്ട വീര്യം ഒട്ടും ചോര്‍ത്താനായില്ല.

എന്‍ജിനീയര്‍ റാഷിദിന്റെ മകന്‍ അബ്‌റാര്‍ റാഷിദ് തിരഞ്ഞെടുപ്പ് റാലിയില്‍
എംഎല്‍എ എന്ന നിലയിലുള്ള ഔദ്യോഗിക സൗകര്യങ്ങളൊന്നും ഉപയോഗിക്കാതിരുന്ന റാഷിദിനെ തങ്ങളില്‍ ഒരാളായി ജനങ്ങള്‍ കാണുന്നു എന്നതിന് തെളിവാണ് അദ്ദേഹത്തിന്റെ ഗംഭീര വിജയം. അവാമി ഇത്തിഹാദ് പാര്‍ട്ടി സ്ഥാനാര്‍ഥിയായാണ് റാഷിദ് മല്‍സരിച്ചത്. 2013ല്‍ റാഷിദ് തന്നെ രൂപീകരിച്ച പാര്‍ട്ടിയാണ് എഐപി. മക്കളായ അബ്‌റാര്‍ റാഷിദും അസ്‌റാര്‍ റാഷിദുമാണ് എന്‍ജിനീയര്‍ റാഷിദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. അഞ്ചാം ഘട്ട വോട്ടെടുപ്പിന് വെറും ഒരാഴ്ച്ച മുമ്പ് മാത്രമാണ് ഇരുവരും അദ്ദേഹത്തിന് വേണ്ടി പ്രചാരണത്തിനിറങ്ങിയത്. ജയില്‍ കാ ബദ്‌ലാ വോട്ട് സേ(ജയിലിന്് വോട്ട് കൊണ്ട് പ്രതികാരം ചെയ്യുക) എന്നതായിരുന്നു മുദ്രാവാക്യം.
‘വടക്കന്‍ കശ്മീരില്‍ വിജയിച്ച എന്‍ജിനീയര്‍ റാഷിദിന് അഭിനന്ദനങ്ങള്‍. റാഷിദിന്റെ വിജയം അദ്ദേഹത്തിന്റെ ജയില്‍വാസം വേഗത്തില്‍ അവസാനിപ്പിക്കുമെന്നോ നോര്‍ത്ത് കശ്മീരിലെ ജനങ്ങള്‍ക്ക് അവരുടെ അവകാശമായ പ്രതിനിധാനം ലഭിക്കുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല. എങ്കിലും ജനങ്ങള്‍ വിധിയെഴുതിയിട്ടുണ്ട്, ജനാധിപത്യത്തില്‍ അതാണ് പ്രധാനപ്പെട്ടത്”- റാഷിദിന്റെ വിജയത്തെ കുറിച്ച് ഉമര്‍ അബ്ദുല്ല എക്സില്‍ കുറിച്ചതിങ്ങനെയാണ്.





