29
Oct 2024
Fri
29 Oct 2024 Fri
Jamaat-e-Islami leader Sayar Ahmad Reshi

ശ്രീനഗര്‍: ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിക്ക് ഒറ്റ സീറ്റില്‍ പോലും ജയിക്കാനായില്ല. ജമാഅത്തെ ഇസ്ലാമിയുടെ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ തിരഞ്ഞെടുപ്പില്‍ തോറ്റു. ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനാല്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായിട്ടായിരുന്നു മത്സരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

10 സീറ്റുകളിലാണ് ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചിരുന്നത്. എട്ട് പേര്‍ക്കും കെട്ടിവെച്ച തുക നഷ്ടപ്പെട്ടു. സോപോറിലെ ജമാഅത്ത് സ്ഥാനാര്‍ത്ഥിയായ മന്‍സൂര്‍ അഹമ്മദ് കലുവിന് വെറും 406 വോട്ടുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്.

ശക്തമായ മത്സരം നടന്ന കുല്‍ഗാമില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയായ യൂസഫ് തരിഗാമിക്കെതിരെ സംഘടന ജനറല്‍ സെക്രട്ടറി സയാര്‍ അഹമ്മദ് റെഷിയായിരുന്നു മത്സരിച്ചിരുന്നത്. 25,796 വോട്ടുകളാണ് റെഷി നേടിയത്.
ജമാഅത്തെ സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയതും റെഷിയാണ്.

ALSO READ: ഹിസ്ബുല്ല നേതാവിനെ വധിക്കാനുള്ള ഇസ്രായേല്‍ ശ്രമം പാളി; യുഎന്‍ സംഘത്തിന് നേരെയും ആക്രമണം

മറുഭാഗത്ത് നാലുവട്ടം കുല്‍ഗാം എം.എല്‍.എയായ മുഹമ്മദ് യൂസഫ് തരിഗാമി 7,838 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ജമാഅത്തിന്റെ കീഴിലുള്ള ഹാലിഹെ ട്രസ്റ്റിന്റെ ചെയര്‍മാന്‍ കൂടിയാണ് റെഷി. ജമാഅത്തെ ഇസ്ലാമി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതിന് മുമ്പ് രണ്ട് തവണ സംഘടനയുടെ സ്ഥാനാര്‍ത്ഥികള്‍ കുല്‍ഗാം മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയിരുന്നു.

കുല്‍ഗാം മേഖലയില്‍ വ്യക്തമായ ജനപിന്തുണയുള്ള ജമാഅത്തെ ഇസ്ലാമി 1987ല്‍ മുസ്ലിം യുണൈറ്റഡ് ഫ്രണ്ട് വഴിയാണ് അവസാനമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പിന്നീട് ഇപ്പോഴാണ് മത്സരരംഗത്തിറങ്ങുന്നത്.

രണ്ടാമതായി ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് സൈനപോര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാണ്. അവിടെ ജമാഅത്ത് സ്ഥാനാര്‍ഥി ഐജാസ് അഹമ്മദ് മിര്‍ 13,000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

മറ്റൊരു മണ്ഡലമായ പുല്‍വാമയില്‍ ജമാഅത്ത് സ്ഥാനാര്‍ത്ഥി തലത് മജീദിന് 1,833 വോട്ടുകള്‍ മാത്രമാണ് നേടാനായത്. ഈ മണ്ഡലത്തില്‍ പി.ഡി.പി സ്ഥാനാര്‍ത്ഥി വഹാദുര്‍ റഹ്‌മാന്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഖല്‍ ബന്ദ് രണ്ടാം സ്ഥാനത്തെത്തി.

1990ന് ശേഷം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച ജമാഅത്തെ ഇസ്ലാമി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. 2019 ഫെബ്രുവരി 28ന് കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളുന്നതിന് മാസങ്ങള്‍ക്കു മുമ്പാണ് യു.എ.പി.എ പ്രകാരം ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയെ ബിജെപി സര്‍ക്കാര്‍ നിരോധിച്ചത്. സംഘടനയുടെ നിരവധി നേതാക്കള്‍ നിലവില്‍ ജയിലിലാണ്.

ഇന്ത്യാ സഖ്യത്തിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ബി.ജെ.പിയാണ് ജമാഅത്തിനെ മത്സരരംഗത്തേക്കിറക്കിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. നിരോധനം നീക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്നും ഇന്ത്യാ മുന്നണി സ്ഥാനാര്‍ഥികള്‍ ആരോപിച്ചിരുന്നു.