ഭീകരസംഘടനകളുമായി ബന്ധമുള്ള മാധ്യമപ്രവർത്തകരെ എൻഐഎ ചോദ്യംചെയ്തെന്ന വ്യാജ വാർത്തയുമായി ജന്മഭൂമി. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ പി ചെക്കുട്ടിയുടെ പേരെടുത്തുപറഞ്ഞാണ് ജന്മഭൂമിയുടെ റിപോർട്ട്. കേരളത്തിലെ ഐഎസിന്റെ സ്ലീപ്പർ സെല്ലുകൾ നിയന്ത്രിക്കുന്നതിൽ ഇവർ മുഖ്യ പങ്കുവഹിച്ചിരുന്നതായി എൻഐഎ കണ്ടെത്തിയെന്നും ജന്മഭൂമി ആരോപിക്കുന്നു.
|
ഇതിനു പിന്നാലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തി കേരള യൂനിയൻ ഓഫ് വർക്കിങ് ജിഹാദീസ് എന്ന് പരിചയപ്പെടുത്തി സംഘപരിവാര സഹയാത്രികനായ അഭിഭാഷകൻ ആർ കൃഷ്ണരാജ് സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടു. എൻ പി ചെക്കുട്ടി, ഷബ്ന സിയാദ്, അബ്ദുൽ റഷീദ്, സാമിർ സലാം, പി എസ് റംഷാദ്, പി സി അബ്ദുല്ല, എ റഷീദുദ്ദീൻ, കെ എ ഷാജി, കെ പി റജി, യദു നാരായണൻ, അംബിക, ഡി ധനസുമോദ് എന്നിങ്ങനെ 12 പേരുടെ വിവരങ്ങളാണ് കൃഷ്ണരാജ് പങ്കുവച്ചത്. സിദ്ദീഖ് കാപ്പനു പകരം ജയിലിൽ പോവാൻ തയ്യാറായി നിൽക്കുന്നവർ ഇവരാണ് എന്നു കേൾക്കുന്നു എന്നും ഇയാൾ പറയുന്നു. കെയുഡബ്ല്യുജെ എന്ന മാധ്യമപ്രവർത്തകരുടെ സംഘടനയുടെ പേരും ഇയാൾ പോസ്റ്റിന്റെ ഒടുവിൽ ചേർത്തിട്ടുണ്ട്.
ചെക്കുട്ടി, ഷബ്ന സിയാദ്, അബ്ദുൽ റഷീദ്, സാമിർ സലാം, അനുപമ മിലി, പ്രമീള എന്നിവരെ എൻഐഎ ചോദ്യം ചെയ്തെന്ന് ആരോപിച്ച് സംഘപരിവാര ബന്ധമുള്ള നിരവധി പേർ പോസ്റ്റുകളിട്ടിട്ടുണ്ട്. ഇതിനു പിന്നാലെ ഇതുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയവർക്കെതിരേ ഡിജിപിക്ക് പരാതി നൽകിയതായി അഭിഭാഷക കൂടിയായ മുതിർന്ന മാധ്യമപ്രവർത്തക ഷബ്ന സിയാദ് അറിയിച്ചു. നിയമബിരുദധാരിയായ എനിക്ക് രാജ്യത്തെ നിയമവ്യവസ്ഥയിൽ തന്നെയാണ് വിശ്വാസം. തന്നെ അപകീർത്തിപ്പെടുത്തുന്ന വാർത്ത നൽകിയവർക്കെതിരേ നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയെന്നാണ് ഷബ്ന സിയാദ് വ്യക്തമാക്കിയത്.
സിദ്ദീഖ് കാപ്പൻ ജാമ്യത്തിൽ പുറത്തിറങ്ങുന്നതിൽ വിറളി പൂണ്ട സംഘപരിവാരം നടത്തുന്ന വ്യാജ പ്രചാരണമാണിതെന്നാണ് എൻപി ചെക്കുട്ടിയും റഷീദുദ്ദീനും പ്രതികരിച്ചത്. 2020 വരെ കേന്ദ്രസർക്കാരിന്റെ അക്രഡിറ്റേഷൻ ഉള്ള നൂറ്റിഇരുപതോളം എഡിറ്റർമാരിൽ ഒരാളായിരുന്നു താനെന്നും ഇപ്പോൾ ഗൾഫിൽ കഴിയുന്ന റഷീദുദ്ദീൻ പറഞ്ഞു. സിദ്ദീഖ് കാപ്പൻ പുറത്തുവന്നത് സംഘപരിവാരത്തിനേറ്റ അടിയാണെന്നും തന്നെപ്പോലുള്ള മാധ്യമപ്രവർത്തകരെ നിശ്ശബ്ദരാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഇത്തരമൊരു പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



