ജിദ്ദ: മീഡിയവണ്‍ ചാനലിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരേ സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ച വിധി രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്നതും സംരക്ഷിക്കുന്നമായ ചരിത്ര വിധിയാണെന്നും വിധിയെ സ്വാഗതം ചെയ്യുന്നതായും ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസ്താവിച്ചു. ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ പങ്ക് വലുതാണ്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടനാ വിരുദ്ധമല്ല. ദേശസുരക്ഷയുടെ പേരില്‍ പൗരാവകാശം ലംഘിക്കുന്നത് നിയമവിരുദ്ധമാണ്. സമൂഹത്തിന്റെ ഉത്തരവാദിത്വപൂര്‍ണമായ പ്രവര്‍ത്തനത്തില്‍ സ്വതന്ത്ര മാധ്യമങ്ങള്‍ നിര്‍ണായക പങ്കുവഹിക്കുന്നുവെന്നും അധികാരത്തിലുള്ളവരോട് സത്യം തുറന്നുപറയലാണ് മാധ്യമങ്ങളുടെ ദൗത്യമെന്നും എതിര്‍പ്പിന്റെ പക്ഷങ്ങളെ വ്യവസ്ഥക്കെതിരായി മുദ്രകുത്താനാകില്ലെന്നുമുള്ള പരമോന്നത കോടതിയുടെ നിരീക്ഷണങ്ങള്‍ പ്രസക്തമാണ്.
|
ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങള്‍ അധികാര വര്‍ഗത്തിന്റെ ഇംഗിതങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കണമെന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. നൂറുകണക്കിന് മാധ്യമ പ്രവര്‍ത്തകരും മറ്റുള്ളവരും ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തെ പ്രത്യേകിച്ച് കാരണമൊന്നും ബോധിപ്പിക്കാനില്ലാതെ ഒരു സുപ്രഭാതത്തില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കുക എന്നത് ഒരിക്കലും അംഗീകരിക്കാവതല്ല.
പരമോന്നത കോടതി വിധി കേവലം മീഡിയവണ്‍ ചാനലിന്റെ നിലനില്‍പ്പിന് വേണ്ടി മാത്രമുള്ളതല്ല, രാജ്യത്ത് സത്യവും നീതിയും ഭരണഘടന സ്വാതന്ത്ര്യവുമെല്ലാം അതിന്റെ ഏറ്റവും പരമോന്നത നിലയില്‍ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളുടെയും സംവിധാനങ്ങളുടെയും ശുഭപ്രതീക്ഷയെ ആവോളം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണെന്ന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് സാദിഖലി തുവ്വൂര്‍, ജനറല്‍ സെക്രട്ടറി സുല്‍ഫീക്കര്‍ ഒതായി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.


