07
Nov 2023
Tue
07 Nov 2023 Tue

ഹമാസിനെ ഭീകരര്‍ എന്ന് വിശേഷിപ്പിക്കാന്‍ വിസമ്മതിച്ച് ബ്രിട്ടണിലെ ഇടത് നേതാവും മുന്‍ പ്രതിപക്ഷനേതാവുമായ ജെറമി കോര്‍ബിന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലണ്ടന്‍: ഹമാസിനെ ഭീകരര്‍ എന്ന് വിശേഷിപ്പിക്കാതിരുന്ന കേരളത്തിലെ സിപിഎം നേതാവ് എം.സ്വരാജിന് ആഗോല ഇടതുപക്ഷത്തും മാതൃകയുണ്ട്. ബ്രിട്ടണിലെ ഇടത് ലേബര്‍ പാര്‍ട്ടി നേതാവും മുന്‍ പ്രതിപക്ഷനേതാവുമായ ജെറമി കോര്‍ബിന്‍ ആണ് ഹമാസിനെ ഭീകരര്‍ എന്ന് വിശേഷിപ്പിക്കാന്‍ വിസമ്മതിച്ചത്. ബ്രിട്ടീഷ് ടെലിവിഷന്‍ ചാനലായ ‘ടോക്ക് ടി.വി’യില്‍ പിയേഴ്‌സ് മോര്‍ഗന്റെ അഭിമുഖ പരിപാടിയിലാണ് ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാന്‍ ജെറമി കോര്‍ബിന്‍ വിസമ്മതിച്ചത്.

‘പിയേഴ്‌സ് മോര്‍ഗന്‍ അണ്‍സെന്‍സേഡ്’ എന്ന പരിപാടിയിലാണ് ഹമാസ് ഭീകരവാദ സംഘടനയല്ലേയെന്ന് മോര്‍ഗന്‍ ചോദിച്ചത്. അവര്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നായിരുന്നു ഇതിന് ജെറമി കോര്‍ബിന്‍ മറുപടി നല്‍കിയത്. ‘അവര്‍ ഭീകരവാദ സംഘടനയാണോ? അവര്‍ ഭീകരവാദ സംഘമാണെന്നു പറയാന്‍ താങ്കള്‍ക്കാകുമോ?’… എന്ന് മോര്‍ഗന്‍ ആവര്‍ത്തിച്ച് ചോദിച്ചു. താങ്കളുമായി യുക്തിഭദ്രമായ ചര്‍ച്ച സാധ്യമാണോ എന്ന് ഇതിന് തിരിച്ചുചോദിക്കുകയാണ് കോര്‍ബിന്‍ ചെയ്തത്.

എന്നാല്‍, ഒരേ ചോദ്യം തന്നെ ചോദിക്കുകയായിരുന്നു മോര്‍ഗന്‍. ഒടുവില്‍ ഹമാസ് ഭീകരസംഘടനയാണെന്ന് സഹപാനലിസ്റ്റ് വ്യക്തമാക്കിയതോടെയാണ് മോര്‍ഗന്‍ ചോദ്യംചെയ്യല്‍ നിര്‍ത്തിയത്. ഇതിനുശേഷം താങ്കള്‍ക്ക് എന്തുകൊണ്ട് അങ്ങനെ പറയാനാകുന്നില്ലെന്ന് കോര്‍ബിനുനേരെ തിരിഞ്ഞ് മോര്‍ഗന്‍ ചോദിച്ചു. ഒക്ടോബര്‍ ഏഴിലെ ആക്രമണത്തെ താന്‍ എല്ലാ പ്രസംഗങ്ങളിലും താന്‍ അപലപിച്ചിട്ടുണ്ടെന്ന് പരിപാടിയുടെ തുടക്കത്തില്‍ ജെറമി കോര്‍ബിന്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിരപരാധികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. എന്നാല്‍, ആ 1,400 പേരുടെ മരണത്തെ ഗസ്സയില്‍ 10,000 പേരുടെ കൊലയിലേക്കു കൊണ്ടുപോകരുതെന്നും അടിയന്തരമായി വെടിനിര്‍ത്തല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗസ്സയില്‍ ഹമാസ് തുടരണോ വേണ്ടയോ എന്ന കാര്യം താങ്കളോ ഞാനോ അല്ല തീരുമാനിക്കേണ്ടതെന്നും കോര്‍ബിന്‍ വ്യക്തമാക്കി.

ഇസ്രായേല്‍ ആക്രമണത്തെ തുടക്കംമുതലേ അപലപിച്ച നേതാവാണ് ജെറെമി കോര്‍ബിന്‍. ‘ആക്രമണത്തിന്റെ അതിദാരുണമായ ഈ ഘട്ടത്തില്‍ നിന്ന് നമുക്കൊരു മോചനം വേണം. അധിനിവേശം അവസാനിപ്പിക്കുക മാത്രമാണ് നീതിയും ശാശ്വതവുമായ സമാധാനം കൈവരിക്കാനുള്ള ഏക മാര്‍ഗം,’ ജെറെമി കോര്‍ബിന്‍ എക്‌സില്‍ കുറിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക