ഹെബ്രോണ്‍ മേയര്‍ ഉള്‍പ്പെടെ വെസ്റ്റ് ബാങ്കില്‍ നിരവധി പേരെ ഇസ്രായേല്‍ സൈന്യം അറസ്റ്റ് ചെയ്തു. അതേസമയം, ഇസ്രായേല്‍ പോലീസിന്റെ സംരക്ഷണയില്‍ നിയമവിരുദ്ധ കുടിയേറ്റക്കാര്‍ അധിനിവേശ ജറുസലേമിലെ അല്‍-അഖ്‌സ പള്ളി കോമ്പൗണ്ടിലേക്ക് അതിക്രമിച്ചു കയറി.
|
ഡസന്‍ കണക്കിന് കുടിയേറ്റക്കാര്‍ കൂട്ടമായി മുഗ്രബി ഗേറ്റിലൂടെയാണ് അല്‍അഖ്‌സ് കോമ്പൗണ്ടിലേക്ക് കടന്നത്. അതിക്രമിച്ചു കയറിയ ഇവര്‍ പള്ളിയുടെ മുറ്റത്ത് ജൂത മത ആചാര പ്രകാരമുള്ള അനുഷ്ഠാനങ്ങള്‍ നടത്തി.
വടക്കന്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ നബ്ലുസ് ഗവര്‍ണറേറ്റില്‍ ഇസ്രായേല്‍ സൈന്യം 13 പേരെ തടഞ്ഞുവെച്ചതായി ദൃക്‌സാക്ഷികള്‍ അനഡോലു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. നബ്‌ളുസിലെ കാഫര്‍ ഖലീല്‍ ഗ്രാമത്തില്‍ സൈനികരുടെ ആക്രമണത്തില്‍ മര്‍ദ്ദനമേറ്റ ഒരു പലസ്തീന്‍കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ: ഐസിയുവില്‍ കുഞ്ഞുങ്ങളെ എലി കടിച്ചു മുറിച്ചു; നവജാത ശിശു മരിച്ചു; നഴ്‌സുമാര്‍ക്ക് സസ്‌പെന്‍ഷന്‍
പ്രാദേശിക വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, വടക്കന്‍ നഗരമായ ഖല്‍ഖിലിയയില്‍ നിന്ന് രണ്ട് പേരെയും വെസ്റ്റ് ബാങ്കിന്റെ മധ്യഭാഗത്തുള്ള റാമല്ലയില്‍ നിന്ന് ഒരാളെയും അറസ്റ്റ് ചെയ്തു.
‘ക്രൂരമായ ആക്രമണം’
സൈനികരുടെ വലിയ സംഘം പുലര്‍ച്ചെ മേയര്‍ തൈസീര്‍ അബു സ്‌നൈനെയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി സാധനങ്ങള്‍ നശിപ്പിച്ച ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്-മുനിസിപ്പാലിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
അബു സ്‌നൈനെയുടെ അറസ്റ്റിന് ഇസ്രായേല്‍ അധികാരികള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്തമുണ്ടെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ വ്യക്തമാക്കി.
അറസ്റ്റിനെ അപലപിച്ച് ഹമാസ്
അബു സ്‌നൈനെയുടെ അറസ്റ്റിനെ പലസ്തീന്‍ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് അപലപിച്ചു. ”അധിനിവേശ ശക്തികളുടെ ആക്രമണാത്മകവും പ്രാകൃതവുമായ സമീപനത്തിന്റെ തുടര്‍ച്ചയാണ് ഈ അറസ്റ്റ്,” ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.
”ഈ ആക്രമണവും ക്രൂരമായ അറസ്റ്റും, വെസ്റ്റ് ബാങ്ക് ഭൂമി പിടിച്ചെടുക്കാനുള്ള സയണിസ്റ്റ് ഭീകര സര്‍ക്കാരിന്റെ പദ്ധതികളുടെ പശ്ചാത്തലത്തിലാണ് വരുന്നത്,” പ്രസ്ഥാനം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇസ്രായേലിന്റെ ഇത്തരത്തിലുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുമെന്നും ഹമാസ് അറിയിച്ചു.
10,000-ത്തിലധികം പലസ്തീന്‍ തടവുകാര്‍
ഔദ്യോഗിക പലസ്തീന്‍ കണക്കുകള്‍ പ്രകാരം, ഇസ്രായേല്‍ നിലവില്‍ 10,800 പലസ്തീന്‍കാരെയാണ് തടവിലിട്ടിരിക്കുന്നത്. ഇതില്‍ ഏകദേശം 450 കുട്ടികളും 50 സ്ത്രീകളും 3,629 രാഷ്ട്രീയ തടവുകാരും ഉള്‍പ്പെടുന്നു. ഗസയില്‍ നിന്ന് ഇസ്രായേല്‍ പിടിച്ചുകൊണ്ടു പോയി കാണാതായ ആയിരക്കണക്കിന് കേസുകള്‍ ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നില്ല.
2023 ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ സൈനികരുടെയും നിയമവിരുദ്ധ കുടിയേറ്റക്കാരുടെയും ആക്രമണങ്ങളില്‍ വെസ്റ്റ് ബാങ്കില്‍ കുറഞ്ഞത് 1,016 പലസ്തീന്‍കാര്‍ കൊല്ലപ്പെടുകയും 7,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം പറയുന്നു.
English Summary
Israeli forces arrested several people in the West Bank, including the mayor of Hebron. Meanwhile, illegal settlers, protected by Israeli police, broke into the Al-Aqsa Mosque compound in occupied Jerusalem.


