28
Jul 2024
Tue
28 Jul 2024 Tue
Jharkhand imam beatern to death

റാഞ്ചി: ജാര്‍ഖണ്ഡില്‍ പള്ളി ഇമാമിനെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി.(Jharkhand: Imam Beaten to Death Over Minor Accident in Jharkhand)  ഝാര്‍ഖണ്ഡിലെ കൊഡര്‍മ ജില്ലയില്‍നിന്നുള്ള മൗലാന ഷഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്. മൂന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടക്കുന്ന ഏഴാമത്തെ ആള്‍ക്കൂട്ട കൊലപാതമാണിത്. ഹിന്ദു സ്ത്രീയെ വാഹനമിടിച്ച് പരിക്കേല്‍പ്പിച്ചെന്നാരോപിച്ചാണ് ഇയാളെ ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണ്‍ 30ന് ഷഹാബുദ്ദീന്‍ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഗൗത്താരികാര്യ എന്ന സ്ഥലത്തു വച്ച് ശഹാബുദ്ദീന്റെ വാഹനം അനിതാ ദേവി, ഭര്‍ത്താവ് മഹേന്ദ്ര യാദവ്, ഭര്‍തൃസഹോദരന്‍ രാംദേവ് യാദവ് എന്നിവര്‍ സഞ്ചരിച്ച ഓട്ടോയില്‍ ഇടിച്ചു. ഇതില്‍ അനിതാ ദേവിക്ക് നിസ്സാര പരിക്കേറ്റിരുന്നു.

വാഹനത്തില്‍ നിന്നിറങ്ങിയ മഹേന്ദ്രയും രാംദേവും ചേര്‍ന്ന് ഷഹാബുദ്ദീനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഈ സമയത്ത് ആള്‍ക്കൂട്ടം തടിച്ചുകൂടി ശഹാബുദ്ദീനെ ആക്രമിക്കുകയായിരുന്നു. ബാറ്റും വടിയും ഉപയോഗിച്ച് ഷഹാബുദ്ദീന്റെ മുഖത്തും ശരീരത്തിലെ മറ്റു ഭാഗങ്ങളിലും ക്രൂരമായി മര്‍ദ്ദിച്ചു. ആക്രമണം നിര്‍ത്താന്‍ അനിതാ ദേവി ആവശ്യപ്പെട്ടെങ്കിലും ആരും ചെവികൊണ്ടില്ല.

പൊലീസ് സ്ഥലത്തെത്തിയാണ് ശഹാബൂദ്ദീനെ ആള്‍ക്കൂട്ടത്തില്‍ നിന്ന് രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. ഈ സമയം ഇയാളുടെ മുഖത്തുനിന്നും തലയില്‍നിന്നും രക്തമൊഴുകുന്നുണ്ടായിരുന്നു. ആശുപത്രിയിലേക്കുള്ള വഴിയിലാണ് ശഹാബൂദ്ദീന്‍ മരിച്ചത്.

അതേസമയം, സംഭവത്തിന് വര്‍ഗീയ മാനങ്ങളില്ലെന്നും അപകടത്തിലേറ്റ പരിക്ക് കാരണമാണ് ശഹാബുദ്ദീന്‍ മരിച്ചതെന്നും പൊലീസ് അവകാശപ്പെട്ടു. അദ്ദേഹത്തിന് വാഹനാപകടത്തില്‍ പരിക്കേറ്റിരുന്നു. പൊലീസ് വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കുകള്‍ കാരണം വഴിമധ്യേ മരണത്തിന് കീഴടങ്ങി. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും പൊലീസ് വ്യക്തമാക്കി.

എന്നാല്‍, കുടുംബം പോലീസ് വാദം തള്ളി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ബര്‍കദ ജില്ലയിലെ ഹസാരിബാഗിലാണ് ഇദ്ദേഹം പഠിപ്പിക്കുന്നത്. ഇവിടെനിന്ന് ബുനിചൗഡിയയിലെ വീട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് സംഭവം. ആക്രമത്തെ തുടര്‍ന്ന് മൂക്കില്‍നിന്ന് രക്തം വരുന്നുണ്ടായിരുന്നുവെന്ന് മകന്‍ മുഹമ്മദ് പര്‍വേസ് ആലം പറഞ്ഞു. അദ്ദേഹത്തിന് പുറമേക്ക് യാതൊരു പരിക്കുമില്ലായിരുന്നു. ആന്തരിക രക്തസ്രാവമാണ് ഉണ്ടായതെന്നും ആലം കൂട്ടിച്ചേര്‍ത്തു.

അദ്ദേഹം മുസ്ലിമായതിനാലാണ് തല്ലിക്കൊന്നതെന്ന് പ്രദേശത്തെ ആള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് സൂരജ് ദാസ് പറഞ്ഞു. അപകടത്തിലല്ല മരണപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ സ്ത്രീ ശിഹാബുദ്ദീനെ മര്‍ദിക്കരുതെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു. എന്നാല്‍, ജനക്കൂട്ടം അവരെ മര്‍ദിക്കുന്നത് തുടര്‍ന്നു. സ്ത്രീക്ക് ഗുരുതര പരിക്കൊന്നും ഉണ്ടായിരുന്നില്ല. താടി വളര്‍ത്തിയതും തൊപ്പി ധരിച്ചതും ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചിരിക്കാമെന്നും സൂരജ് ദാസ് പറഞ്ഞു.

ആള്‍ക്കൂട്ടകൊലപാതകത്തിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന
പുതിയ ക്രിമിനല്‍ നിയമമായ ഭാരതീയ ന്യായ സംഹിത നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കകമാണ് വീണ്ടും കൊലപാതകം.
‘അഞ്ചോ അതിലധികമോ പേര്‍ ഒരു സംഘമായിച്ചേര്‍ന്ന് വംശം, ജാതി, സമുദായം, ലിംഗഭേദം, ജനനസ്ഥലം, ഭാഷ, വ്യക്തിപരമായ വിശ്വാസം, അല്ലെങ്കില്‍ സമാനമായ മറ്റേതെങ്കിലും കാരണങ്ങളുടെ പേരില്‍ ഒരു കൊലപാതകം നടത്തുകയാണെങ്കില്‍ സംഘത്തിലെ ഓരോ അംഗത്തിനും വധശിക്ഷയോ അല്ലെങ്കില്‍ ജീവപര്യന്തം തടവും പിഴയും നല്‍കണം’- എന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്.

ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി പ്രദേശിക മുസ്ലിം നേതാക്കള്‍ ആരോപിച്ചു. ജാര്‍ഖണ്ഡില്‍ തല്ലിക്കൊലകള്‍ മുസ്ലിംകളുടെ ചിഹ്നമായി മാറിക്കഴിഞ്ഞിരിക്കുന്നു. താടിയും തൊപ്പിയും വയ്ക്കുന്നത് കുറ്റമാണോ? മുസ്ലിംകള്‍ എല്ലായപ്പോഴും നിലവിലുള്ള സര്‍ക്കാരിനൊപ്പമാണ് നിലകൊണ്ടത്. എന്നാല്‍, തിരിച്ച് മുസ്ലിംകള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ പോലും സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നില്ല. സംഭവത്തില്‍ 48 മണിക്കൂറിനകം നടപടി സ്വീകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.