Jose K Mani planning to join UDF തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാന്‍ ഹൈക്കമാന്‍ഡ് നീക്കം നടത്തുന്നതായാണ് വിവരം.
|
ഇടതുമുന്നണിയുടെ മധ്യമേഖല ജാഥ നയിക്കേണ്ടിയിരുന്ന കേരള കോണ്‍ഗ്രസ് എം. ചെയര്‍മാന്‍ ജോസ് കെ. മാണി ഉണ്ടാകില്ലെന്ന് നേതൃത്വത്തെ അറിയിച്ചതായും പകരം എന്‍. ജയരാജിന്റെ പേര് നിര്‍ദ്ദേശിച്ചെന്നുമാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. കേരള കോണ്‍ഗ്രസ് എം. മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇത്.
ഫെബ്രുവരി ആറിന് അങ്കമാലിയില്‍ നിന്നാരംഭിച്ച് 13ന് ആറന്മുളയില്‍ സമാപിക്കുന്ന രീതിയിലായിരുന്നു ഇടതുമുന്നണിയുടെ മധ്യമേഖല ജാഥ ക്രമീകരിച്ചിരുന്നത്. എന്നാല്‍ ജോസ് കെ. മാണി ജാഥയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറുകയാണെന്നും വ്യക്തിപരമായ അസൗകര്യങ്ങളുണ്ടെന്നും പകരം ചീഫ് വിപ്പ് എന്‍. ജയരാജിന്റെ പേര് നിര്‍ദേശിക്കുകയും ചെയ്‌തെന്നാണ് സൂചന.
എല്‍.ഡി.എഫ് കണ്‍വീനര്‍ കണ്‍വീനര്‍ ടി.പി രാമകൃഷ്ണനെ ഇക്കാര്യം ജോസ് കെ. മാണി നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇതില്‍ സി.പി.എം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ജോസ്. കെ മാണി തന്നെ ജാഥ നയിക്കണമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്. ഇല്ലെങ്കില്‍ സി.പി.എം തന്നെ ജാഥയുടെ നേതൃത്വം ഏറ്റെടുത്തേക്കുമെന്നാണ് സൂചന.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ജോസ് കെ മാണിയുമായി ഫോണില്‍ സംസാരിച്ചെന്നാണ് പുറത്തുവരുന്ന സൂചന. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഇടപെടുന്നുണ്ട് എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യമൊന്നും കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ സ്ഥിരീകരിക്കാന്‍ തയാറായിട്ടില്ല.
മുന്നണി മാറ്റം സംബന്ധിച്ച് ജോസ് കെ മാണി എന്ത് തീരുമാനം എടുത്താലും ഒപ്പമുണ്ടാകുമെന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ നാല് എംഎല്‍എമാര്‍ ഉറപ്പുനല്‍കി. കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജ്, പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, ചങ്ങനാശേരി എംഎല്‍എ ജോബ് മൈക്കിള്‍, റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ എന്നിവരാണ് ജോസ് കെ മാണിയെ നിലപാട് അറിയിച്ചത്.
അതേസമയം എല്‍ഡിഎഫില്‍ തുടരണമെന്നാണ് ഇടുക്കി എംഎല്‍എയും ജലവിഭവവകുപ്പ് മന്ത്രിയുമായ റോഷി അഗസ്റ്റിന്റെ നിലപാട്. പാര്‍ട്ടി മുന്നണി മാറ്റമെന്ന തീരുമാനം എടുത്താല്‍ റോഷി അഗസ്റ്റിന്‍ എല്‍ഡിഎഫിനൊപ്പം തുടരുമെന്നാണെങ്കില്‍ കേരള കോണ്‍ഗ്രസ് എം വീണ്ടും പിളരുന്ന സാഹചര്യത്തിലേക്ക് വരെ എത്തും. മുന്നണിയില്‍ തുടരുമെന്ന് വ്യക്തമാക്കും വിധം ‘തുടരും’ എന്ന് റോഷി അഗസ്റ്റിന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. എല്‍ഡിഎഫ് നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും ഒപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ തിരുവനന്തപുരത്ത് നടന്ന പ്രതിഷേധ സത്യാഗ്രഹ സമരത്തില്‍ ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല. കേരളത്തിന് പുറത്ത് യാത്രയില്‍ ആയതിനാലാണ് പാര്‍ട്ടി ചെയര്‍മാന് തിരുവനന്തപുരത്തെ സമര പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതെന്നായിരുന്നു കോണ്‍ഗ്രസ് എമ്മിന്റെ വിശദീകരണം. മന്ത്രി റോഷി അഗസ്റ്റിനും ചീഫ് വിപ്പ് എന്‍ ജയരാജുമടക്കം പാര്‍ട്ടിയുടെ എംഎല്‍എമാരും സമരപരിപാടിയില്‍ പങ്കെടുത്തിരുന്നു.
അതേ സമയം, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ചര്‍ച്ചക്കായി കേരള നേതാക്കള്‍ ഇന്ന് ദില്ലിയിലേക്ക് പുറപ്പെടും. 16ന് ഡല്‍ഹിയില്‍ വച്ചാണ് യോഗം. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും ചര്‍ച്ചയില്‍ പങ്കെടുക്കും. അതേസമയം, സ്‌ക്രീനിംഗ് കമ്മിറ്റി ഇന്ന് കേരളത്തില്‍ ചേരും.


