കുവൈത്തിലെ ലേബര്‍ ക്യാംപിലുണ്ടായ തീപിടിത്ത ദുരന്തത്തിന്റെ ഉത്തരവാദിത്തത്തില്‍ ഒഴിയില്ലെന്ന് എന്‍ബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 8 ലക്ഷം രൂപ വീതം നല്‍കുമെന്ന് കെ ജി എബ്രഹാം എറണാകുളത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ധനസഹായം 4 ദിവസത്തിനുള്ളില്‍ നല്‍കാനാണ് ശ്രമം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 വര്‍ഷത്തെ ശമ്പളം ഇന്‍ഷുറന്‍സായി ലഭിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ജോലി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|
അപകടത്തിന് ശേഷം കാര്യക്ഷമമായി ഇടപെട്ട കുവൈത്ത്, ഇന്ത്യ സര്‍ക്കാരുകള്‍ക്കും ഇന്ത്യന്‍ എംബസിക്കും കെ ജി എബ്രഹാം നന്ദി പറഞ്ഞു. അപകടമുണ്ടായ കെട്ടിടം തങ്ങള്‍ ലീസിന് എടുത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവനക്കാര്‍ മുറിക്കുള്ളില്‍ ഭക്ഷണം ഉണ്ടാക്കിയിട്ടില്ലെന്നും അവര്‍ക്ക് ഭക്ഷണത്തിനായി കെട്ടിടത്തില്‍ തന്നെ മെസ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടകാരണം. അപകടം നടന്ന സമയത്ത് 80 പേരില്‍ കൂടുതല്‍ അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ക്യാബിനില്‍ നിന്നാണ് ഷോര്‍ട് സര്‍ക്യൂട്ട് ഉണ്ടായത്. അപകടമുണ്ടായ അപ്പാര്‍ട്ട്‌മെന്റില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചിരുന്നില്ലെന്നും കെ ജി എബ്രഹാം പറഞ്ഞു. മലയാളികളടക്കം അമ്പത് പേരാണ് ദുരന്തത്തില്‍ മരിച്ചത്. പുക ശ്വസിച്ചായിരുന്നു മരണമേറെയും സംഭവിച്ചത്.





