തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ മതവിഭാഗീയത സൃഷ്ടിക്കും വിധത്തില്‍ മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന് ശുദ്ധിപത്രം.(K Gopala Krishnan, who created the Mallu Hindu WhatsApp group, is now back in service) ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുത്തു. ഇത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് റിപോര്‍ട്ടര്‍ ചാനലാണ് പുറത്തുവിട്ടത്.
|
ഹിന്ദുക്കളായ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തിയാണ് മല്ലു ഹിന്ദു എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഇത് ഐഎഎസ് തലപ്പത്ത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസായിരുന്നു ഗ്രൂപ്പ് അഡ്മിന്‍. വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത് തന്റെ അറിവോടെയല്ലെന്നും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടു എന്നും നുണ പറഞ്ഞ് ഗോപാലകൃഷ്ണന്‍ സൈബര്‍ പൊലീസില്‍ അടക്കം പരാതി നല്‍കി.
എന്നാല്‍, പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഗോപാലകൃഷ്ണന്‍ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതായി കണ്ടെത്തി. ഇതിന് പുറമേ മെറ്റ നല്‍കിയ റിപ്പോര്‍ട്ടില്‍ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല എന്നും വ്യക്തമായി.
സംഭവത്തില്‍ അസ്വാഭാവികമായി പലതും സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തുടര്‍ന്ന് ഗോപാലകൃഷ്ണനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.
ഉദ്യോഗക്കയറ്റം നേടുന്നതിന് കേന്ദ്രം ഭരിക്കുന്ന ബിജെപിയെ തൃപ്തിപ്പെടുത്താനാണ് ഹിന്ദു ഉദ്യോഗസ്ഥരുടെ മാത്രം ഗ്രുപ്പുണ്ടാക്കിയതെന്ന വാര്‍ത്തകള്‍ വന്നിരുന്നു. സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ മതപരമായ വിഭാഗീയത ഉണ്ടാക്കുന്ന ഗുരുതര കുറ്റകൃത്യമാണ് ഗോപാലകൃഷ്ണന്‍ ചെയ്തതെന്നും വിലയിരുത്തലുണ്ടായിരുന്നു.
എന്നാല്‍, കൃത്യമായ തെളിവുകളുണ്ടായിട്ടും ക്ലീന്‍ ചിറ്റ് നല്‍കി കെ ഗോപാലകൃഷ്ണനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കാരണമെന്ത് എന്നത് ദുരൂഹതയായി അവശേഷിക്കുന്നു.


