17
Jan 2024
Tue
17 Jan 2024 Tue

‘അഞ്ചല്ല, അഞ്ചുലക്ഷം തിരിയിട്ട് തെളിച്ചാലും മനസ്സില്‍ വെളിച്ചം നിറയില്ല. നിങ്ങള്‍ കള്ളിപ്പൂങ്കുയിലാണ്…’; അയോധ്യ വിഷയത്തില്‍ ചിത്രയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇന്ദു മേനോന്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന ഭൂമിയില്‍ നിര്‍മിച്ച രാമക്ഷേത്രം പ്രതിഷ്ഠാ ചടങ്ങ് ദിവസം ഹിന്ദുത്വ പ്രചാരണത്തെ പിന്തുണച്ച ഗായിക കെ.എസ് ചിത്രയ്‌ക്കെതിരെ ആഞ്ഞടിച്ച് എഴുത്തുകാരി ഇന്ദു മേനോന്‍. തകര്‍ത്ത് പണിത ‘രാമക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാദിനമായ 22ന് രാമനാമം ജപിക്കണമെന്നും എല്ലാ വീടുകളിലും ആശംസയര്‍പ്പിച്ച് വിളക്കു കത്തിക്കണമെന്നും’ ആഹ്വാനം ചെയ്ത പ്രശസ്ത ചിത്രയുടെ നടപടിയുടെ പശ്ചാത്തലത്തിലാണ് ഇന്ദുമേനോന്റെ വിമര്‍ശനം.

ചിത്ര കുയില്‍ ആയിരുന്നുവെന്ന് ശബ്ദം കൊണ്ട് മാത്രമാണ് ലോകം വിശ്വസിച്ചിരുന്നത്. എന്നാല്‍, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ കള്ളിപ്പൂങ്കുയിലാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടിലങ്ങ് നടപ്പാക്കിയാല്‍ മതിയെന്നും ഇന്ദു മേനോന്‍ ഓര്‍മിപ്പിച്ചു. ചിത്രയ്ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട്. ഇഷ്ടമുള്ള പക്ഷത്ത് നില്ക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ട്. മനുഷ്യഹത്യയും വംശീയോന്മൂലനവും നടന്ന ഒരു കാരണത്തെ മഹത്വവല്ക്കരിക്കുന്നത് നിഷ്‌കളങ്കമായി ആണെങ്കിലും അനുഭവിക്കപ്പെടുന്നത് ക്രൂരമായാണ്. മനുഷ്യരുടെ രക്തത്തിലും അവരുടെ പലായനങ്ങളിലും അവരുടെ വേദനകളിലും നിങ്ങള്‍ എത്ര കണ്ട് നാമം ജപിച്ചാലും ഒരു രാമനും വിഷ്ണുവും വരാന്‍ പോകുന്നില്ല. അഞ്ചല്ല അഞ്ചുലക്ഷം തിരിയിട്ട് തെളിച്ചാലും നിങ്ങളുടെ മനസ്സില്‍ വെളിച്ചം നിറയാനും പോകുന്നില്ല. സഹജീവികളായ മനുഷ്യരെ കൊല്ലുന്നതിനൊപ്പം നില്ക്കുക എന്നതല്ല. നിങ്ങള്‍ നിഷ്‌കളങ്കമായി കുത്തിയിറക്കുന്ന ഈ കഠാര കൊണ്ട് മനുഷ്യര്‍ കൊല്ലപ്പെടുക തന്നെ ചെയ്യുമെന്നും അവര്‍ ഫേസ്ബുക്കില്‍ വിമര്‍ശിച്ചു.

ഇന്ദു മേനോന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:

അമ്പലം കെട്ടുന്നതും പള്ളി പൊളിക്കുന്നതും ഒക്കെ പ്രത്യക്ഷത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഉള്ള വൈരത്തിന്റെ സൂചനകളാണ്. ആദ്യം അവിടെ അമ്പലമായിരുന്നു അപ്പോൾ അവിടെ അമ്പലമായിരിക്കുന്നതാണ് ശരി എന്നെല്ലാം വാദിക്കാം.
അയ്യോ പാവം അവർക്ക് ഒരു അഭിപ്രായസ്വാതന്ത്ര്യം ഇല്ലേ ? അവർ അവരുടെ അഭിപ്രായം പറഞ്ഞു നമ്മൾ എന്തിനാണ് അതിനെ രാഷ്ട്രീയവൽക്കരിച്ച് കാണുന്നത്?
ചിത്രയ്ക്ക് അഭിപ്രായസ്വാതന്ത്ര്യം ഉണ്ട് ഇഷ്ടമുള്ള പക്ഷത്ത് നിൽക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ട് മനുഷ്യഹത്യയും വംശീയോന്മൂലനവും നടന്ന ഒരു കാരണത്തെ മഹത്വവൽക്കരിക്കുന്നത് നിഷ്കളങ്കമായി ആണെങ്കിലും അനുഭവിക്കപ്പെടുന്നത് ക്രൂരമായാണ്. എത്ര നിഷ്കളങ്കനായ മനുഷ്യനാണ് നോക്കൂ ഹൃദയത്തിൽ കത്തി കുത്തി ഇറക്കുമ്പോഴും നിനക്ക് വേദനിച്ചോ വേദനിപ്പിക്കാതെ കുത്താമേ, എന്നെല്ലാം പറയുന്നത്ര നിഷ്കളങ്കതയുള്ള ഒരുവൾ
പാട്ടുകാരി ചിത്ര, ക്ലാസിക് കലകൾക്കൊപ്പം നിൽക്കുന്നവർ രാമന്റെയും വിഷ്ണുവിന്റെയും സീതയുടെയും മുരുകന്റെയും എല്ലാം കീർത്തനങ്ങൾ പാടുകയും പദങ്ങൾ പഠിക്കുകയും ചെയ്യുമായിരിക്കും അതിനർത്ഥം സഹജീവികളായ മനുഷ്യരെ കൊല്ലുന്നതിനൊപ്പം നിൽക്കുക എന്നതല്ല.
നിങ്ങൾ നിഷ്കളങ്കമായി കുത്തിയിറക്കുന്ന ഈ കഠാര കൊണ്ട് മനുഷ്യർ കൊല്ലപ്പെടുക തന്നെ ചെയ്യും.
മനുഷ്യരുടെ രക്തത്തിലും അവരുടെ പലായനങ്ങളിലും അവരുടെ വേദനകളിലും നിങ്ങൾ എത്ര കണ്ട് നാമം ജപിച്ചാലും ഒരു രാമനും വിഷ്ണുവും വരാൻ പോകുന്നില്ല അഞ്ചല്ല 5ലക്ഷം തിരിയിട്ട് തെളിച്ചാലും നിങ്ങളുടെ മനസ്സിൽ വെളിച്ചം നിറയാനും പോകുന്നില്ല
കുയിൽ ആയിരുന്നു എന്ന് ശബ്ദം കൊണ്ട് മാത്രമാണ് ലോകം വിശ്വസിച്ചിരുന്നത് എന്നാൽ നിങ്ങൾ യഥാർത്ഥത്തിൽ കള്ളിപ്പൂങ്കുയിലാണെന്ന് തെളിയിച്ചിരിക്കുന്നു.
ആചാരവും വിളക്കും സംരക്ഷണവും സ്വന്തം വീട്ടിൽ അങ്ങ് നടപ്പിലാക്കിയാൽ മതി.

K.S. Chithra faces social media flak for remarks on Ram Temple consecration