ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രണ്ടാമതും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടിലെത്തിയെന്നതിന് തെളിവുകള്‍ പുറത്ത്. കടകംപള്ളി സുരേന്ദ്രന്‍ പോറ്റിയുടെ വീട്ടില്‍ രണ്ടാമതും എത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു.
|
ഡിഗ്രിക്ക് റാങ്ക് ലഭിച്ച പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ ഉപഹാരം നല്‍കുന്നതാണ് ചിത്രം. അതേസമയം മന്ത്രി എന്തിനാണ് എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മന്ത്രി എത്തിയപ്പോള്‍ പുളിമാത്തെ വീട്ടിലേയ്ക്ക് പോറ്റി മകളെ വിളിച്ചതാണെന്ന് അമ്മാവന്‍ വെങ്കിടേശ്വരന്‍ പോറ്റി സ്ഥിരീകരിച്ചു.
പോറ്റിയുടെ വീട്ടില്‍ കടകംപള്ളി മറ്റൊരു ദിവസം എത്തിയതിന്റെ ചിത്രം നേരത്തേ പുറത്തുവന്നിരുന്നു. അന്ന് കടകംപള്ളിക്ക് ഒപ്പം റാന്നി മുന്‍ എംഎല്‍എയും നിലവിലെ സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുമായ രാജു എബ്രഹാമും ഉണ്ടായിരുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം കടകംപള്ളി സുരേന്ദ്രനും രാജു എബ്രഹാമും നില്‍ക്കുന്നതായിരുന്നു ഒരു ചിത്രം. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അച്ഛന് കടകംപള്ളി സുരേന്ദ്രന്‍ സമ്മാനം നല്‍കുന്ന മറ്റൊരു ചിത്രവും പുറത്തുവന്നിരുന്നു.
ഒരേയൊരു തവണ പോയിരുന്നുവെന്നും അത് പോറ്റിയുടെ അച്ഛന്റെ സപ്തതിക്കു വേണ്ടിയായിരുന്നുവെന്നുമാണ് ആദ്യ ചിത്രം പുറത്തു വന്നപ്പോള്‍ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നത്. പുതിയ ചിത്രം പുറത്തുവന്നതോടെ ആ വാദം പൊളിഞ്ഞിരിക്കുകയാണ്.


