കണ്ണൂര്‍: വളപട്ടണത്ത് അരിവ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍.(Kannur Valapattanam theft arrest) അയല്‍വാസിയായ ലിജീഷ് എന്നയാളെയാണ് പൊലീസ് പിടികൂടിയത്.
|
ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയത് വീടിനെ കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് എന്ന സൂചന തുടക്കം മുതലുണ്ടായിരുന്നു. മോഷണം നടന്ന സാഹചര്യവും രീതിയും പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം ബോധ്യമായത്.
മോഷ്ടാവ് റെയില്‍വേ ട്രാക്ക് കടന്നു പോയി എന്ന് സൂചനയുണ്ടായിരുന്നതിനാല്‍ തുടക്കത്തില്‍ അന്യസംസ്ഥാന തൊഴിലാളികളെയാണ് സംശയിച്ചത്. എന്നാല്‍, സിസിടിവി ദൃശ്യങ്ങളാണ് വീടിനെ കുറിച്ച് അറിയുന്നവരിലേക്ക് സംശയം നീളാന്‍ കാരണം. പരമാവധി സിസിടിവികള്‍ ഒഴിവാക്കി അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. കൃത്യമായി, എവിടെയെല്ലാം ക്യാമറകള്‍ ഉണ്ട് എന്നറിഞ്ഞ പോലെയായിരുന്നു മോഷണരീതി.
ALSO READ: കേരളത്തില്‍ പേമാരിക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് ജില്ലകളില്‍ ഓറഞ്ച്
പ്രതി 40 മിനിറ്റ് മാത്രമാണ് വീടിനുള്ളില്‍ ചെലഴിച്ചത്. ജനല്‍ പാളി അഴിച്ചു മാറ്റി അകത്ത് കടന്ന് ലോക്കറിന്റെ ചാവി കണ്ടെത്തിയത് ഈ സയമത്തിനുള്ളിലാണ്. വീടിനുള്ളിലെ കാര്യങ്ങള്‍ വരെ മനസ്സിലാക്കിയ ആളാണ് പ്രതിയെന്ന് ഇതോടെ ബോധ്യമായി.
ലിജീഷ് കുറച്ചു ദിവസമായി പോലീസ് നിരീക്ഷണത്തിലായിരുന്നു. ഫോണിലെ വിവരങ്ങളും ടവര്‍ ലൊക്കേഷനുകളുമൊക്കെ പരിശോധിച്ച ശേഷമാണ് പ്രതി ഇയാള്‍ തന്നെയാണെന്ന് ഉറപ്പിച്ചത്. ഇയാളില്‍ നിന്ന് മോഷണം പോയ സ്വര്‍ണവും പണവും കണ്ടെടുത്തു.
അരി വ്യാപാരിയായ വളപട്ടണം മന്ന അഷ്റഫിന്റെ വീട്ടില്‍ നിന്നായിരുന്നു ഒരു കോടി രൂപയും 300 പവനും മോഷണം പോയത്. അഷ്‌റഫും കുടുംബവും മധുരയിലെ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്താണ് മോഷണം നടന്നത്. ഈ മാസം 19നാണ് ഇവര്‍ വീട് പൂട്ടി മധുരയിലേക്ക് പുറപ്പെട്ടത്. നവംബര്‍ 20ന് ആണ് മോഷണം നടന്നത്.
വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം മനസിലാക്കിയത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് മോഷണം പോയത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് മുറിച്ചുമാറ്റിയാണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്നത്. തുടര്‍ന്ന് മറ്റൊരു മുറിയില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് ലോക്കര്‍ തുറന്നാണ് മോഷണം നടത്തിയത്.


