റിയാദ്: മൂന്നാഴ്ച മുമ്പ് റിയാദില്‍ കാണാതായ കന്യാകുമാരി സ്വദേശിയുടെ മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ കണ്ടെത്തി. കന്യാകുമാരിയിലെ അരുമനൈ, തെറ്റി വിളൈ, മറുതര വിളാഗം സ്വദേശി ജോണ്‍ സേവ്യറിനു(43) വേണ്ടിയുള്ള അന്വേഷണമാണ് മോര്‍ച്ചറിയിലെത്തി നിന്നത്.
|
ജൂലൈ 9നാണ് ജോണ്‍ സേവ്യര്‍ ജോലിക്കായി നാട്ടില്‍ നിന്ന് യമന്‍ അതിര്‍ത്തിയായ സൗദിയിലെ നജ്‌റാനില്‍ എത്തിയത്. കരാറെടുത്ത് ജോലി ചെയ്ത വകയില്‍ ജോണിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്നറിഞ്ഞ റിയാദിലുള്ള സുഹൃത്ത് തന്റെ അടുത്തേക്ക് വരാന്‍ ഇദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.
ഇതേത്തുടര്‍ന്ന് ജൂലൈ 25ന് ജോണ്‍ നജ്‌റാനില്‍ നിന്ന് റിയാദിലെത്തി. എന്നാല്‍ റിയാദിലെത്തിയ ജോണ്‍ സുഹൃത്തിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അസീസിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ജോണ്‍ നാട്ടിലുള്ള മകനെ വിളിച്ച് റിയാദിലുള്ള സുഹൃത്ത് ചതിക്കുകയായിരുന്നുവെന്ന് പറഞ്ഞിരുന്നു. ഇതിനു ശേഷം ജോണിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
അസീസിയ ഭാഗത്ത് അലഞ്ഞു തിരിയുന്നത് ചിലര്‍ കാണുകയും ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന്, ജീവകാരുണ്യ പ്രവര്‍ത്തകര്‍ അന്വേഷിച്ചു പോയെങ്കിലും ഇദ്ദേഹത്തെ കുറിച്ച് വിവരങ്ങളൊന്നും കിട്ടിയില്ല.
അസീസിയ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഇന്ത്യന്‍ എംബസിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തകന്‍ സിദ്ദീഖ് തുവ്വൂര്‍ മോര്‍ച്ചറിയിലെത്തിയാണ് ജോണിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. ജൂലൈ 29ന് മരിച്ചതായാണ് പൊലീസ് രേഖകളില്‍ പറയുന്നത്. അസീസിയ ബസ് സ്റ്റേഷന് സമീപമുള്ള വഴിയരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് രേഖകളില്‍ പറയുന്നത്.
നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അമ്മ: സുമതി, ഭാര്യ: ശ്രീകുമാരി, മക്കള്‍: താജില്‍, തര്‍ഷിന്‍.


