റിയാദ്: ഫ്രഞ്ച് ഫുട്‌ബോൾ താരം കരീം ബെൻസേമ സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഹാദിൽ ചേർന്നു. മൂന്ന് വർഷത്തെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. സൗദി പ്രോ ലീഗിലെ നിലവിലെ ജേതാക്കളാണ് അൽ ഇത്തിഹാദ്. 35 കാരനായ ബെൻസമേ റയൽ മാഡ്രിഡിലെ 14 വർഷം നീണ്ട കരിയർ അവസാനിപ്പിച്ചാണ് സൗദിയിലേക്ക് ചേക്കേറുന്നത്. റയലിൻറെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരിൽ രണ്ടാമനായ ബെൻസേമ നിലവിലെ ബാലൺ ഡി ഓർ ജേതാവുമാണ്. റയലിലെ മുൻ സഹതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിൽ അൽ നാസറിന് വേണ്ടിയാണ് കളിക്കുന്നത്.
|
റയലിനായുള്ള ബെൻസേമയുടെ അവസാന മത്സരം ഞായറാഴ്ച നടന്നിരുന്നു. അത്‌ലറ്റിക് ബിൽബാവോയ്‌ക്കെതിരെ നടന്ന മത്സരത്തിൽ ഒരു ഗോൾ നേടുകയും ചെയ്തു. റയലുമായി ബെൻസേമയ്ക്ക് ഒരു വർഷത്തേയ്ക്ക് കൂടി കരാറുണ്ടെങ്കിലും ഉഭയസമ്മതപ്രകാരം അത് അവസാനിപ്പിക്കുകയായിരുന്നു. ഈ സീസണിൽ പരുക്ക് അലട്ടുകയും ലോകകപ്പ് ഉൾപ്പെടെ നഷ്ടപ്പെടുകയും ചെയ്‌തെങ്കിലും 33 മത്സരങ്ങളിൽ റയലിന് വേണ്ടി കളിക്കുകയും 23 ഗോളടിക്കുകയും ചെയ്തു.
ഹോം ടൗൺ ക്ലബായ ലിയോണിൽ നിന്ന് 2009ലായിരുന്നു റയൽ മാഡ്രിഡിലേക്ക് കരീം ബെൻസേമയുടെ വരവ്. സ്പാനിഷ് ക്ലബിൽ ഇതിഹാസ താരങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചു. റയൽ കുപ്പായത്തിൽ 657 മത്സരങ്ങളിൽ 353 ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നിൽ ക്ലബിൻറെ രണ്ടാമത്തെ ഉയർന്ന ഗോൾവേട്ടക്കാരനായി. ക്ലബിൽ 25 കിരീടങ്ങൾ ഷോക്കേസിലാക്കി. അഞ്ച് ചാമ്പ്യൻസ് ലീഗും നാല് ലാ ലീഗയും മൂന്ന് കോപ്പ ഡെൽ റേയും നാല് സ്പാനിഷ് സൂപ്പർ കോപ്പകളും നാല് യുവേഫ സൂപ്പർ കപ്പും അഞ്ച് ഫിഫ ക്ലബ് ലോകകപ്പും കരീം ബെൻസേമയുടെ കരിയറിന് തിളക്കം ചാർത്തുന്നു.
ഈ സീസണിൽ റയലിനായി എല്ലാ ചാമ്പ്യൻഷിപ്പുകളിലുമായി 42 മത്സരം കളിച്ച താരം 31 ഗോളും ആറ് അസിസ്റ്റും പേരിലാക്ക. 25 കിരീടങ്ങളുമായി റയലിൽ ഏറ്റവും കൂടുതൽ നേട്ടങ്ങളുള്ള താരങ്ങളിൽ മാർസലോയ്‌ക്കൊപ്പമാണ് ബെൻസേമയുടെ സ്ഥാനം. ബെൻസേമയുടെ കൂടുമാറ്റം പൂർണമായതോടെ റയലിൽ സഹതാരങ്ങളായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയും കരീം ബെൻസേമയും സൗദി ലീഗിൽ മുഖാമുഖം വരികയാണ്. കൂടുതൽ വമ്പൻ താരങ്ങൾ സൗദി ലീഗിലേക്ക് ചേക്കേറും എന്നാണ് റിപ്പോർട്ടുകൾ.


