|
2023 -ൽ നടക്കാനിരിക്കുന്ന കർണാടക നിയമസഭാതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുളള യുദ്ധകാലാടിസ്ഥാനത്തിനുളള പ്രവർത്തനത്തിലാണ് ഭരണകക്ഷിയായ ബിജെപിയും പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസും. ഇരു പാർട്ടികളും വിജയപ്രതീക്ഷയിലാണ് പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നത്. നേരത്തെ കോൺഗ്രസും ജനതാദൾ സെക്കുലറും സഖ്യകക്ഷികളായി ഭരിച്ചുതുടങ്ങിയിരുന്നുവെങ്കിലും മധുവിധു തീരും മുമ്പെ ബിജെപി ഭരണമുന്നണിയിലെ എംഎൽഎമാരെ ചാക്കിട്ടുപിടിച്ച് അധികാരം അട്ടിമറിക്കുകയായിരുന്നു. പിന്നീട് മുഖ്യമന്ത്രിയായ യദ്യൂരപ്പയേയും പുറത്താക്കിയാണ് നിലവിലെ ബൊമ്മൈ സർക്കാർ അധികാരത്തിലെത്തിയത്. അതായത് അഞ്ച് വർഷത്തിനുളളിൽ മൂന്ന് മുഖ്യമന്ത്രിമാരാണ് സംസ്ഥാനം ഭരിച്ചതെന്നർഥം.
ബിജെപിയുടെ ചാക്കുപിടിത്ത രാഷ്ട്രീയം വിജയിച്ചുവെങ്കിലും സംസ്ഥാനത്തെ ജനഹിതം കോൺഗ്രസിനും ജനതാദൾ പാർട്ടിക്കും അനുകൂലമാണെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയിട്ടുളളത്. ജനാധിപത്യം അട്ടിമറിക്കുന്ന പ്രവണ ഇല്ലെങ്കിൽ കർണാടയിൽ തങ്ങൾക്ക് ഇപ്പോഴും വലിയ സ്വാധീനമുണ്ടെന്നാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. അതെസമയം, ഇക്കുറി കോൺഗ്രസ്, ബിജെപി എന്നീ ദേശീയകക്ഷികളെ മറികടന്ന് ജെഡിഎസ്, ആം ആദ്മി, എസ്ഡിപിഐ തുടങ്ങിയ കക്ഷികൾ വലിയ നേട്ടമുണ്ടാക്കിയേക്കുമെന്നാണ് രാഷ്ട്രീയ വിദഗധർ അടക്കം പറയുന്നത്.
മുൻ പ്രധാനമന്ത്രിയും ജനതാദൾ സെക്യുലർ നേതാവുമായ ദേവഗൗഡ കിങ് മേക്കറുടെ റോളിലാണ് സംസ്ഥാനത്തുളളത്. ബിജെപിയേയും കോൺഗ്രസിനേയും എളുപ്പം വിജയിപ്പിക്കാതിരിക്കാനുളള കരുക്കൾ അദ്ദേഹം നീക്കിതുടങ്ങിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇരുകക്ഷികൾക്കും മത്സരം എളുപ്പമായിരിക്കില്ലെന്നാണ് ദേവഗൗഡ ക്യാംപ് നൽകുന്ന സൂചനകൾ. 2018-ൽ പാർട്ടിക്ക് 40 മുതൽ 50 വരെ സീറ്റുകൾ ആണ് നഷ്ടപ്പെട്ടത്. അവ തിരിച്ചെടുക്കാനുളള പദ്ധതികൾ ഇപ്പോൾ പാർട്ടിയുടെ കൈവശമുണ്ടെന്നാണ് പാർട്ടി വക്താവ് പ്രതികരിക്കുന്നത്. ഡികെ ശിവകുമാറിന് പിറകിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സാന്നിധ്യം കോൺഗ്രസിന്റെ സകല പ്രതിച്ഛായയും നഷ്ടപ്പെടുത്തിയിരിക്കുകയാണ്.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുതിയ തന്ത്രങ്ങൾ പയറ്റുന്ന ആംആദ്മിയുടെ ആത്മവിശ്വാസവും അത്ര മോശമല്ല. പഞ്ചാബിനും ഗോവയ്ക്കും ശേഷം എഎപിക്ക് ദേശീയ പാർട്ടി അംഗീകാരം ലഭിച്ച സാഹചര്യവും കർണാടകയിൽ ചില മേഖലയിൽ തങ്ങൾക്ക് സ്വാധീനം ചെലുത്താൻ ശേഷിയുണ്ടെന്നാണ് എഎപി ക്യാംപുകൾ നൽകുന്ന ആത്മവിശ്വാസം.
വരുന്ന തിരഞ്ഞെടുപ്പ് സാധാരണക്കാരും അഴിമതിക്കാരും തമ്മിലാകുമെന്നാണ് എഎപി സെറ്റേറ്റ് ജനറൽ സെക്രട്ടറി ദർശൻ ജയിൻ നേരത്തെ വ്യക്തമാക്കിയിട്ടുളളത്. 200 മണ്ഡലങ്ങളിൽ തങ്ങൾക്ക് കാര്യമായ സ്വാധീനമുണ്ടെന്നാണ് ജയിൻ വ്യക്തമാക്കുന്നത്. ഹിന്ദുത്വയുടെ രാഷ്ട്രീയ പരീക്ഷണശാലയായ മംഗ്ലൂരു സിറ്റി കോർപ്പറേഷനിൽ എഎപി സാനിധ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ അടുത്തിടെ ആർഎസ് എസിന്റെ എല്ലാ തര ഭീഷണികളേയും സധൈര്യം തിരിച്ചടിച്ച് എസ്ഡിപിഐക്ക് വലിയ തോതിലുളള സ്വീകാര്യതയാണ് ന്യൂനപക്ഷ- ദലിത് വിഭാഗങ്ങൾക്കിടയിൽ നിന്നും ലഭിച്ചുവരുന്നതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ എംകെ അശോകനെ പോലുളളവരുടെ നിരീക്ഷണം.



