|
ബംഗളുരു: രാജ്യം 75-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ വഖഫ് ഭൂമിയായ ബംഗളൂർ ഈദ് ഗാഹ് മൈതാനത്ത് ദേശീയ പതാക ഉയർത്തുന്നതിന് ആഗ്രഹം പ്രകടിപ്പിച്ച് മുസ് ലിം സംഘടനകൾ നൽകിയ എല്ലാ അപേക്ഷകളും കർണാടക ഭരിക്കുന്ന ബിജെപി സർക്കാർ നിരസിച്ചു. പകരം റവന്യൂവകുപ്പ് ഈദ്ഗാഹ് മൈതാനാത്ത് ദേശീയ പതാക ഉയർത്തും.
ബംഗ്ലൂരിലെ ചേമരാജ് പേട്ടിലെ ഈദ് ഗാഹ് മൈതാനത്ത് ആഗസ്ത് 15ന് ദേശീയ പതാക ഉയർത്തുന്നതിന് അനുമതി തേടി നിരവധി അപേക്ഷകളാണ് മുസ് ലിം സംഘടനകൾ സർക്കാരിനയച്ചത്. എന്നാൽ മുസ് ലിംകൾ വർഷത്തിൽ രണ്ട് പെരുന്നാൾ നമസ്‌കാരം മാത്രം ഈദ് ഗാഹിൽ നിർവഹിച്ചാൽ മതിയെന്ന നിലപാടിലെത്തുകയായിരുന്നു ബിജെപി സർക്കാർ.
റവന്യൂ മന്ത്രി ആർ അഷോകഗയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് മുസ് ലിംസംഘടനകളുടെ അപേക്ഷ നിരസിക്കാൻ തിരുമാനിച്ചത്. പകരം റവന്യൂ വകുപ്പിന്റെ നോർത്ത് ബംഗ്ലൂർ ഡയരക്ടർ ഈദ് ഗാഹിൽ ദേശീയ പതാക ഉയർത്തുമെന്ന് മന്ത്രി അറിയിച്ചു. പ്രോട്ടോക്കാൾ പ്രകാരം പ്രദേശിക എംപിയും എംഎൽഎയും ചടങ്ങിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
റവന്യൂ അധികാരികൾക്ക് ഈദ്ഗാഹിൽ സ്വതന്ത്ര്യദിന ചടങ്ങ് സംഘടിപ്പിക്കാൻ മതിയായ സുരക്ഷ ഒരുക്കാൻ പൊലീസ് ഡപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു. രണ്ട് വർഷം മുമ്പ് ഹുബ്ലിയിൽ മുസ് ലിം സംഘടനകളെ വിലക്കി ഈദ്ഗാഹ് മൈതാനത്ത് ഉമാഭാരതിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടികൾക്കെതിരെ ജനരോഷം ഉയരാൻ കാരണമായിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്നുണ്ടായ പൊലീസ് ഇടപ്പെടലിൽ രണ്ട് നിരപരാധികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
മുസ് ലിംകൾക്ക് നേരെയുളള അനീതി സംസ്ഥാനത്ത് വർധിച്ചുവരികയാണ്. പല മേഖലകളിലും പളളിയിൽ നിന്നുളള ബാങ്ക് വിളികൾ നിരോധിച്ചു. ബീഫ് വിൽക്കുന്നുണ്ടെന്ന് അറിഞ്ഞാൽ മേഖലയാകെ റെയ്ഡ് ചെയ്യുന്ന സാഹചര്യമാണുളളത്. നോർത്ത് ബാംഗ്ലൂരിൽ സലഫി സെന്റർ കമ്മിറ്റി മെംബർ റഹമ്ത്തുല്ല ന്യൂസ് ടാഗ് ലൈവിനോട് വെളിപ്പെടുത്തി.



