ബംഗളൂരു: ഉച്ചഭാഷിണി ഉപയോഗിച്ച് ബാങ്ക് വിളിക്കുന്ന മുസ്ലിംകളുടെ നടപടിക്കെതിരെ അധിക്ഷേപവുമായി കര്‍ണാടകയിലെ മുതിര്‍ന്ന ബി.ജെ.പിനേതാവും മുന്‍ മന്ത്രിയുമായ ഈശ്വരപ്പ. അല്ലാഹു ബധിരന് ആയതുകൊണ്ടാണോ ബാങ്ക് വിളിക്കാന്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതെന്നായിരുന്നു ഈശ്വരപ്പയുടെ പരിഹാസം. എവിടെപ്പോയാലും ഇത് തന്നെ. ഇതൊരു തലവേദനയാണ്. ഒരാള്‍ മൈക്കില്‍ അലറി വിളിച്ചാല്‍ മാത്രമേ അല്ലാഹുവിന് കേള്‍ക്കൂ? അല്ലാഹു എന്താ ബധിരനാണോ? എന്നായിരുന്നു പരാമര്‍ശം.
|
ബി.ജെ.പിയുടെ വിജയ സങ്കല്പ് യാത്രയ്ക്കിടെ ബാങ്ക് വിളിച്ചപ്പോഴായിരുന്നു ഈശ്വരപ്പയുടെ വിവാദ പരാമര്‍ശം. മംഗളൂരുവിലെ കാവൂരിനടുത്തുള്ള ശാന്തിനഗറില്‍ നടന്ന പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് സമീപത്തെ പള്ളിയില്‍നിന്ന് ബാങ്ക് വിളി ഉയര്‍ന്നത്.
ഉച്ചഭാഷിണിയുടെ കാര്യത്തില്‍ സുപ്രിംകോടതി ഉത്തരവിറക്കിയിട്ടുണ്ടെന്നും ഒരു സംശയവും വേണ്ട, ഈ പ്രശ്നത്തിന് ഉടന്‍ പരിഹാരമുണ്ടാക്കുമെന്നും ഈശ്വരപ്പ പറഞ്ഞു. പ്രസംഗം വിവാദമായതോടെ, ഒരു മതത്തെയും അവഹേളിക്കാന്‍ നടത്തിയ പരാമര്‍ശമായിരുന്നില്ല അതെന്ന വിശദീകരണവുമായി ഈശ്വരപ്പ രംഗത്തുവന്നു.
റമദാനില്‍ വൈകിട്ടും രാവിലെയുമുള്ള ബാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മുസ്ലിം നേതാക്കള്‍ നിവേദനം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ നടപടി.





