നടന് വിജയിയുടെ റാലിക്കിടെ കരൂരില്‍ നിരവധി പേര് മരിക്കാനാടയായ ദുരന്തത്തിന് പിന്നാലെ ടിവികെ നേതാവ് ആത്മഹത്യ ചെയ്തു. വിരാപ്പേട്ട് വില്ലേജ് സെക്രട്ടറി അയ്യപ്പനെയാണ് മരിച്ചനിലയില്‍കണ്ടെത്തിയത്. ദുരന്തത്തിന് കാരണം മുന്‍ മന്ത്രിയും കരൂര്‍ എംഎല്‍എയുമായ സെന്തില്‍ ബാലാജിയും പൊലീസുമാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
|
വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കുന്ന സമയത്ത് സെന്തില്‍ ബാലാജിയെയും വിമര്‍ശിച്ചിരുന്നു.ആ സമയത്താണ് അവിടെ വൈദ്യുതി മുടങ്ങിയത്. വൈദ്യുതി മുടങ്ങിയത് ദുരന്തത്തിന്റെ ആക്കം കൂട്ടിയിരുന്നു. പൊലീസിനും ദുരന്തത്തിന് പങ്കുണ്ടെന്നാണ് ആ്ത്മഹത്യാ കുറിപ്പില്‍ പറയുന്നത്. ദുരന്തം മനപൂര്‍വ്വം സൃഷ്ടിച്ചതാണെന്ന സൂചനയാണ് കുറിപ്പിലുള്ളത്.
അതിനിടെ, കരൂര്‍ ദുരന്തത്തില്‍ തമിഴ്നാട് പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. തമിഴക വെട്രി കഴകം വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് പൊലീസ്അറസ്റ്റ് ചെയ്തത്.
കരൂര്‍ ദുരന്തത്തില്‍ ടിവികെക്കും വിജയിക്കുമെതിരെ ഗുരുതര കുറ്റങ്ങള്‍ ചുമത്തി എഫ്ഐആര്‍ ഇട്ടതിനു പിന്നാലെയാണ് തമിഴ്നാട് പൊലീസ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ അഞ്ച് വകുപ്പുകളാണ് നിലവില്‍ ചുമത്തിയത്. അപകടമുണ്ടായതു മുതല്‍ ഒളിവിലായിരുന്നു മതിയഴകന്‍. കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നാണു സൂചന.
അതേസമയം, ഉച്ചയ്ക്ക് തുടങ്ങേണ്ട റാലിയില്‍ മനഃപൂര്‍വം മണിക്കൂറുകള്‍ വൈകിയെത്തിയ വിജയ് പരിപാടിയെ ജനക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള ഉപാധിയായും ശക്തി പ്രകടനമായും കണ്ടത് അപകടത്തിന് കാരണമായതായി എഫ്ഐആറില്‍ ചൂണ്ടികാട്ടുന്നു. ഇതിനിടെ പട്ടിണംപൊക്കത്തെ ഫ്ളാറ്റില്‍ വിജയ്യുടെ നേതൃത്ത്വത്തില്‍ ടിവികെ നേതാക്കളുടെ യോഗം ചേര്‍ന്നു. 41 പേരുടെ മരണത്തിന് കാരണമായ ദുരന്തത്തില്‍ വിജയ് യെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.


