കാഞ്ഞങ്ങാട് ലോഡ്ജിൽ ബ്യൂട്ടീഷനായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതി സതീഷ് യുവതിയെ ബലം പ്രയോഗിച്ച് കൊണ്ട് പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ബ്യൂട്ടിഷ്യൻമാരുടെ യോഗത്തിന് എത്തിയ ദേവികയെ സതീഷ് ഫോണിൽ വിളിച്ച് വരുത്തുകയായിരുന്നു. ബലംപ്രയോഗിച്ചാണ് സതീഷ് ദേവികയെ ലോഡ്ജിലേക്ക് കൊണ്ട് പോയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
|
കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തിലാണ് പ്രതി യുവതിയെ ലോഡ്ജിൽ എത്തിച്ചതെന്നാണ് പൊലീസ് നിഗമനം. ലോഡ്ജിൽ യുവതി എത്തുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിനായുള്ള ആസൂത്രണം ഏത് വിധത്തിൽ നടത്തിയെന്നാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്.
ഉദുമ ബാര മുക്കന്നോത്ത് സ്വദേശിയും ബ്യൂട്ടീഷ്യനുമായ 34 വയസുകാരി ദേവിക പതിനാറാം തീയതി ഉച്ചയ്ക്ക് രണ്ടരയോടെയാണ് കൊല്ലപ്പെട്ടത്. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ലോഡ്ജിൽ എത്തിച്ച യുവതിയെ കാമുകൻ ബോവിക്കാനം സ്വദേശി സതീഷ് വെട്ടിക്കൊല്ലുകയായിരുന്നു. കൊല നടത്തിയ ശേഷം സതീഷ് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ചോരയൊലിക്കുന്ന കത്തിയുമായാണ് ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തിയത്.
വിവാഹിതരായ ഇരുവരും ഒൻപതു വർഷമായി പ്രണയത്തിലായിരുന്നു. തൻറെ കുടുംബ ജീവിതത്തിന് ദേവിക തടസമായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് പ്രതിയുടെ മൊഴി. തന്റെ ഭാര്യയെ വിവാഹ മോചനം നടത്താൻ ദേവിക നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും സതീഷ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇത് പൊലീസ് പൂർണ്ണമായും വിശ്വാസത്തിൽ എടുത്തിട്ടില്ല. ദേവികയുടെ ഭർത്താവ് പ്രവാസിയാണ്. ഇവർക്ക് രണ്ട് മക്കളുമുണ്ട്. പ്രതിയായ സതീഷ് കാഞ്ഞങ്ങാട്ട് സെക്യൂരിറ്റി സർവീസ് സ്ഥാപനം നടത്തുകയാണ്. ഇയാൾക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്. വിവാഹിതനാകുന്നതിന് മുമ്പ് തന്നെ സതീഷിന് ദേവികയുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.





