24
May 2025
Thu
24 May 2025 Thu
KC Venugopal and PV Anwar

നിലമ്പൂര്‍: കെ സി വേണുഗോപാലും കൈവിട്ടതോടെ നിലമ്പൂര്‍ മുന്‍ എംഎല്‍എ പി വി അന്‍വര്‍ നിലമ്പൂരില്‍ മല്‍സരിക്കാനൊരുങ്ങുന്നു.(KC Venugopal also gave up; where will PV Anwar go now?)  യുഡിഎഫ് പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം നീളുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്നലെ കെ.സി വേണുഗോപാലുമായുള്ള കൂടിക്കാഴ്ച നടക്കാതായതോടെ പി വി അന്‍വര്‍ കടുത്ത നിരാശയിലാണ്. കെ.സി വേണുഗോപാലിലാണ് അവസാന പ്രതീക്ഷയെന്ന് അന്‍വര്‍ ഇന്നലെ പറഞ്ഞിരുന്നു. അന്‍വറുമായി കൂടിക്കാഴ്ച നടത്തിയില്ല എന്നു മാത്രമല്ല കേരളത്തിലെ നേതൃത്വം പ്രശ്നം പരിഹരിച്ചുകൊള്ളുമെന്ന കെസിയുടെ പ്രസ്താവന അന്‍വറിനെ വെട്ടിലാക്കി.

ഇതോടെ ഇനി യുഡിഎഫുമായി ചര്‍ച്ചയ്ക്ക് നില്‍ക്കേണ്ടെന്ന നിലപാടിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. താന്‍ മല്‍സരിക്കാന്‍ സന്നദ്ധനാണെന്ന് പി വി അന്‍വര്‍ തൃണമൂല്‍ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇന്ന് മഞ്ചേരിയില്‍ ചേരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.

ALSO READ: എസ്ഡിപിഐ മല്‍സര രംഗത്ത്; അന്‍വറും കളത്തിലിറങ്ങിയാല്‍ യുഡിഎഫിന്റെ നില പരുങ്ങലിലാവും

ചൊവ്വാഴ്ച്ച ചേരുന്ന യുഡിഎഫ് യോഗം വരെ കാത്തിരിക്കണമെന്ന് കോണ്‍ഗ്രസിലെയും ലീഗിലെയും നേതാക്കള്‍ അന്‍വറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തീരുമാനം പ്രതികൂലമായാല്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതില്‍ ഉള്‍പ്പെടെ പ്രതിസന്ധിയാവും എന്നതിനാല്‍ ഇനിയും കാത്ത് നില്‍ക്കേണ്ടതില്ലെന്നാണ് അന്‍വറിനോട് അടുത്ത വൃത്തങ്ങളുടെ നിലപാട്.

അതേസമയം, അനുരഞ്ജനത്തിനുള്ള ഒരു അവസാനവട്ട ശ്രമം ഇരുഭാഗത്ത് നിന്നും നടക്കുന്നുണ്ട്. യുഡിഎഫ് മുന്നോട്ടു വെച്ച അസോസിയേറ്റ് കക്ഷി എന്ന ഫോര്‍മുല അംഗീകരിച്ച് മുന്നോട്ടു വന്നാല്‍ മാത്രമേ യുഡിഎഫ് സംസ്ഥാന നേതൃത്വം അന്‍വറുമായി സഹകരിക്കുകയുള്ളൂ.

പുറമെ പറയാനെങ്കിലും പുതിയൊരു സാഹചര്യമില്ലാതെ അത് അംഗീകരിക്കാനും അന്‍വറിന് കഴിയില്ല. മാധ്യമങ്ങള്‍ക്ക് മുന്നിലെ കൂടിക്കാഴ്ച ഒഴിവാക്കിയെങ്കിലും ഫോണ്‍ വഴിയെങ്കിലും വേണുഗോപാല്‍ തന്റെ പരാതി കേള്‍ക്കുമെന്നാണ് അന്‍വറിന്റെ പ്രതീക്ഷ.

അതേസമയം, പി.വിഅന്‍വര്‍ നിലമ്പൂരില്‍ മത്സരിക്കുമെന്ന പ്രതീതി സൃഷ്ടിച്ച് പോസ്റ്ററുകളും ബോര്‍ഡുകളും നിലമ്പൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സ്ഥാപിച്ചു തുടങ്ങി. ഈ വിവാദങ്ങള്‍ക്കിടയിലും ആര്യാടന്‍ ഷൗക്കത്ത് പ്രചാരണ പരിപാടികളുമായി മുന്നോടു പോവുകയാണ്. നിലമ്പൂര്‍ നഗരസഭയിലും മറ്റു രണ്ട് പഞ്ചായത്തുകളിലും ഇന്ന് നേതൃയോഗം ചേരും. പ്രമുഖ വ്യക്തികളുമായുള്ളകൂടിക്കാഴ്ചയും തുടരും.

അതിനിടെ സിപിഎം സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടരുകയാണ്. നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന് നാളെ അറിയാം.