തിരുവനന്തപുരം: എ.ഐ കാമറ പദ്ധതിയിൽ അഴിമതിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി കെൽട്രോൺ എം.ഡി നാരായണ മൂർത്തി. ഒരു കാമറ 35 ലക്ഷമെന പ്രചരണം തെറ്റാണ്. ഒരു കാമറ സിറ്റത്തിന്റെ വില 9.5 ലക്ഷം മാത്രമാണ്. എല്ലാ നടപടികളും സുതാര്യമായാണ് നടത്തിയത്. പദ്ധതി തുക ആദ്യം മുതൽ 235 കോടി തന്നെയായിരുന്നു.74 കോടിരൂപയാണ് കാമറക്കായി ചെലവാക്കിയത്. ബാക്കി സാങ്കേതികസംവിധാനം, സർവർ റൂം , പലിശ ഇങ്ങനെയാണ്. ശ്രിറ്റ് എന്ന കമ്പനി ഉപകരാർ നൽകിയതിൽ കെൽട്രോണിന് ബാധ്യതയില്ല. സർക്കാർ ഇതുവരെ ഒരു പൈസയും ചെലവഴിച്ചിട്ടില്ല. ഒരാൾക്കും തെറ്റായി പിഴ ചുമത്തതിരിക്കാനാണ് കൺട്രോൾ റൂമിലെ ജീവനക്കാർ പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
|
അഞ്ച് വർഷത്തെ പ്രവർത്തന ചെലവും ചേർന്നാണ് 232 കോടി രൂപ ചെലവായതെന്നും നിർമാണച്ചെലവ് 160 കോടി രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് റോഡ് സുരക്ഷയുടെ മറവിൽ നടത്തുന്നത് വൻ അഴിമതിയാണെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. ചെന്നിത്തലയുടെ ആരോപണത്തിനുള്ള മറുപടി പറയേണ്ടത് സർക്കാരല്ല കെൽട്രോണാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞതിനു പിന്നാലെയാണ് വിശദീകരണം.
പദ്ധതി തയാറാക്കിയത് മോട്ടർ വാഹന വകുപ്പല്ല, കെൽട്രോണാണ്. കെൽട്രോൺ സർക്കാർ സ്ഥാപനമാണ്. ഇതിനുള്ള ശേഷി കെൽട്രോണിന് ഉള്ളതുകൊണ്ടാണ് അവരെ ഏൽപ്പിച്ചത്. 2018ലാണ് ഈ പദ്ധതി കെൽട്രോണിനെ ഏൽപ്പിച്ചത്. 2021ലാണ് താൻ മന്ത്രിയായതെന്നും അതിനു മുൻപു തന്നെ പദ്ധതി ആവിഷ്‌കരിച്ചിരുന്നെന്നും ആന്റണി രാജു പറഞ്ഞു.





