തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ‘പി.എം-ശ്രീ സ്‌കൂള്‍’ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിക്കുന്നു.(Kerala abandons PM-Shri school scheme that boosts Modi and RSS ideals) കാവിവല്‍ക്കരണം ഒളിച്ചു കടത്തുന്ന ദേശീയ വിദ്യാഭ്യാസ നയം (എന്‍.ഇ.പി.) നടപ്പാക്കേണ്ടിവരുമെന്ന പ്രശ്‌നം ഉയര്‍ത്തി, സി.പി.ഐ. മന്ത്രിമാര്‍ എതിര്‍പ്പ് കടുപ്പിച്ചതോടെ കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
|
വിദ്യാഭ്യാസത്തില്‍ സ്വകാര്യവല്‍ക്കരണവും വര്‍ഗീയവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുന്നതാണ് എന്‍.ഇ.പി.യെന്നാണ് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയവിമര്‍ശനം. വിവിധ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസപദ്ധതികള്‍ നടപ്പാക്കുന്ന സമഗ്രശിക്ഷാ കേരള (എസ്.എസ്.കെ.)ത്തിന്റെ പദ്ധതിക്കുള്ള ഫണ്ട് തടഞ്ഞുവച്ചാണ് കേന്ദ്രം പിഎം-ശ്രീ പദ്ധതി നടപ്പാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്.
കേരളം ധാരണാപത്രം ഒപ്പിടാത്തതിനാല്‍ ഈവര്‍ഷം എസ്.എസ്.കെ.ക്കു കിട്ടേണ്ട 513 കോടിരൂപയും കഴിഞ്ഞവര്‍ഷത്തെ 153 കോടി രൂപയും കേന്ദ്രം തടഞ്ഞുവെച്ചിരുന്നു.
സമ്മര്‍ദമേറിയതോടെ, കേന്ദ്രസഹായം നഷ്ടപ്പെടാതിരിക്കാന്‍ പി.എം-ശ്രീ നടപ്പാക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പ് തയ്യാറാവുകയായിരുന്നു. എന്നാല്‍ ശക്തമായി എതിര്‍ത്ത് സി.പി.ഐ. രംഗത്തെത്തി. നയപരവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങളിലുള്ള തര്‍ക്കം കണക്കിലെടുത്ത്, പി.എം-ശ്രീ ധാരണാപത്രത്തില്‍ ഒപ്പിടേണ്ടതില്ലെന്ന് മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.
പദ്ധതിയില്‍ സംസ്ഥാനം 40 ശതമാനം തുക ചെലവഴിക്കണമെന്നിരിക്കേ, കേന്ദ്രസമ്മര്‍ദത്തിനു വഴങ്ങുന്നതും ചോദ്യംചെയ്യപ്പെട്ടിരുന്നു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്നവകാശപ്പെട്ട് ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്ന 2023-27 വര്‍ഷത്തേക്കുള്ള കേന്ദ്രപദ്ധതിയാണ് പി.എം-ശ്രീ പദ്ധതി: ഒരു ബ്ലോക്കില്‍ ബി.ആര്‍.സി.ക്കുകീഴിലെ രണ്ടു സ്‌കൂളുകള്‍ തിരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കുക.
ഇവിടെ വിവാദമായ എന്‍.ഇ.പി.യും കേന്ദ്രസിലബസും നടപ്പാക്കും. ആര്‍എസ്എസ് ആശയങ്ങള്‍ക്ക് അനുസൃതമായി ചരിത്രവും സിലബസും വളച്ചൊടിക്കുന്നു എന്ന ആരോപണം എന്‍ഇപി നേരിട്ടുന്നുണ്ട്. എന്‍.ഇ.പി.യുടെ പുരോഗതി ഈ സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉയര്‍ത്തിക്കാട്ടുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ഇതിന് വേണ്ടി പി.എം-ശ്രീ സ്‌കൂള്‍ എന്ന ബോര്‍ഡും പ്രധാനമന്ത്രിയുടെ ചിത്രവും പ്രദര്‍ശിപ്പിക്കും.
എന്നാല്‍ പദ്ധതി നടപ്പാക്കുന്നതോടെ ഒരു ബ്ലോക്കിലെ രണ്ടു സ്‌കൂള്‍ കേന്ദ്രനിയന്ത്രണത്തിലാവുമെന്നതാണ് കേരളത്തിന്റെ ആശങ്ക. വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്ന എന്‍.ഇ.പി. പൂര്‍ണമായി നടപ്പാക്കേണ്ടിവരും കേന്ദ്രപാഠ്യപദ്ധതി വരുന്നതോടെ പൊതുവിദ്യാഭ്യാസം രണ്ടുതട്ടിലാവുമെന്നതാണ് മറ്റൊരു പ്രതിസന്ധി.


