കോഴിക്കോട്: മുനമ്പത്തെ ചൊല്ലി മുസ്ലിം ലീഗ് നേതാക്കള്‍ തമ്മില്‍ വാക്‌പോര്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കെ.എം ഷാജിയുടെ പ്രസ്താവന തിരുത്തി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി.
|
വിഷയത്തില്‍ സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാടെന്നും നിങ്ങളാരും പാര്‍ട്ടിയാകേണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് പറയാനാകില്ല, മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ അഭിപ്രായമല്ല മുസ്ലിം ലീഗിനെന്നാണ് കെ.എം ഷാജി പറഞ്ഞത്. ‘മുനമ്പം വിഷയം വലിയ പ്രശ്നമാണ്. നിങ്ങള്‍ വിചാരിക്കുന്ന പോലെ നിസ്സാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ്ലിം ലീഗിന് അങ്ങനെ ഒരു അഭിപ്രായം ഇല്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറനായാകില്ല. ഫാറൂഖ് കോളജിന്റെ അധികൃതര്‍ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാന്‍ അവര്‍ക്കെന്ത് അവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവര്‍ക്ക് വിട്ടുകൊടുത്തത്. ആരാണ് അതിന് രേഖയുണ്ടാക്കിയത്’- എന്നാണ് കെ.എം ഷാജിയുടെ വാക്കുകള്‍.
ഷാജിയെ തള്ളാതെ എം.കെ മുനീര്‍ എംഎല്‍എയും രംഗത്തെത്തി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് മുസ്ലിം ലീഗ് പറഞ്ഞിട്ടില്ലെന്ന് എം.കെ മുനീര്‍ പറഞ്ഞു. അവിടെയുള്ള പാവങ്ങളെ കുടിയിറക്കരുതെന്നാണ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് ആ നാട്ടുകാരനാണ് നാട്ടുകാര്‍ക്കൊപ്പമേ അദ്ദേഹത്തിന് നില്‍ക്കാനാകൂ. നിയമപരമായ പ്രതിവിധിയാണ് ഉണ്ടാകേണ്ടത്. അവിടെയുള്ള ജനങ്ങള്‍ക്ക് നിയമപരമായി അവിടെ തന്നെ താമസിക്കാന്‍ കഴിയണം. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും എം.കെ മുനീര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, ഈ അഭിപ്രായങ്ങളെ തള്ളിയാണ് കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. മുനമ്പത്തെ ഭൂമിയില്‍ വലിയൊരു ഭാഗം വന്‍കിടക്കാരും മറ്റു കൈയേറിയിരുന്നു. അത്തരക്കാര്‍ക്കാര്‍ക്കാണ് വഖഫ് ബോര്‍ഡ് നോട്ടീസ് നല്‍കിയത്. സാധാരണക്കാരായ മല്‍സ്യത്തൊഴിലാളികളെ സംരക്ഷിക്കുകയും വന്‍കിടക്കാരെ ഒഴിപ്പിക്കുകയും വേണമെന്ന് പൊതുവേ മുസ്ലിം സംഘടനകളില്‍ നിന്ന് അഭിപ്രായമുയരുന്നുണ്ട്.


