21
May 2026
Sat
21 May 2026 Sat
vd satheeshan in delhi

ന്യൂഡല്‍ഹി: ഡല്‍ഹിയിലെത്തിയ വി ഡി സതീശന് കേരള ഹൗസില്‍ എംഎസ്എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വീകരണം. സതീശനെ തോളിലേറ്റിയാണ് വിദ്യാര്‍ത്ഥികള്‍ കേരള ഹൗസിലേക്ക് കൊണ്ടുവന്നത്. കേരളം യുഡിഎഫ് തൂക്കി എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു സ്വീകരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കണ്ണേ കരളേ വിഡിഎസ്സേ എന്ന മുദ്രാവാക്യം വിളിച്ചാണ് സതീശനെ വിദ്യാര്‍ത്ഥികള്‍ വരവേറ്റത്. ഇന്ന് പുലര്‍ച്ചെയോടെയാണ് നേതാക്കള്‍ ഡല്‍ഹിയിലെത്തിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് മുന്നിലും വിദ്യാര്‍ഥികള്‍ സതീശന്‍ അനുകൂല മുദ്രാവാക്യം മുഴക്കി. പ്രകടനം നടക്കുന്ന വിവരമറിഞ്ഞ് രമേശ ചെന്നിത്തല കേരള ഹൗസിലേക്ക് വരാതെ മറ്റൊരിടത്തേക്കു പോയി.

നേതാക്കളുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്ച്ച നടക്കും. എംഎല്‍എമാരുടെയും നേതാക്കളുടെയും പിന്തുണ കെസി വേണുഗോപാലിന് ആണെങ്കിലും പ്രവര്‍ത്തകര്‍ക്കിടയില്‍ വിഡി സതീശന് അനുകൂലമായ സാഹചര്യമാണുള്ളത്.

ALSO WATCH

നിരീക്ഷകരുടെ റിപ്പോര്‍ട്ട് പുറത്ത്

മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച എ ഐ സി സി നിരീക്ഷകര്‍ കേരളത്തിലെത്തി എംഎല്‍എമാരുമായും നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. കെസി വേണുഗോപാലിനാണ് എംഎല്‍എമാരില്‍ ഭൂരിപക്ഷത്തിന്റെയും പിന്തുണയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് നിരീക്ഷകര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. ജനവികാരം പരിഗണിക്കണമെന്ന മുതിര്‍ന്ന നേതാക്കളുടെ നിലപാടും റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്തെ സാഹചര്യം സങ്കീര്‍ണ്ണമെന്നും നിരീക്ഷകര്‍, മല്ലികാര്‍ജുന്‍ ഖര്‍ഗയെ ധരിപ്പിച്ചിട്ടുണ്ട്.

ALSO READ: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കെസി വേണുഗോപാലിനൊപ്പം; സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ ഭൂരിഭാഗവും സതീശനെ കൈവിട്ടു; പട്ടിക പുറത്ത്

ഘടകകക്ഷികളുടെ നിലപാട് ചൂണ്ടിക്കാട്ടിയപ്പോള്‍ അവരുമായി സംസാരിക്കുമെന്ന് ഖര്‍ഗെ അറിയിച്ചതായും വിവരമുണ്ട്. അജയ് മാക്കനും മുകുള്‍ വാസ്‌നിക്കും രാവിലെ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ നേരിട്ടെത്തിയാണ് റിപ്പോര്‍ട്ട് കൈമാറിയത്. റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് അജയ് മാക്കന്‍ അറിയിച്ചു. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.