08
May 2026
Fri
08 May 2026 Fri
indian express congress support list

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ കെസി വേണുഗോപാലിന്. എഐസിസി നിരീക്ഷകന്‍ മുകുള്‍ വാസ്‌നിക്ക്, മുഖ്യമന്ത്രി ആരാവണം എന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് എംഎല്‍എമാരോട് അഭിപ്രായം തേടി രേഖപ്പെടുത്തിയ പട്ടിക ഇന്ത്യന്‍ എക്പ്രസ് ആണ് പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സന്ദീപ് വാര്യര്‍, അഡ്വ. സജീവ് ജോസഫ്, ടിഒ മോഹനന്‍, ടി സിദ്ദീഖ്, ഉഷാ വിജയന്‍ തുടങ്ങിയവരുടെ പിന്തുണയും കെസിക്കൊപ്പമാണ്. ഐസി ബാലകൃഷ്ണന്‍ കെസിക്കൊപ്പം വിഡി സതീശനെയും നിര്‍ദേശിച്ചു.

ഇന്നലെ കെപിസിസി ആസ്ഥാനമായ ഇന്ദിര ഭവനില്‍ നിന്ന് എംഎല്‍എമാരില്‍ നിന്ന് അഭിപ്രായം ശേഖരിച്ച് പുറത്തിറങ്ങുന്നതിനിടെ മുകുള്‍ വാസ്‌നിക് അശ്രദ്ധമായി കൈയില്‍ പിടിച്ചിരുന്ന പട്ടികയുടെ ആദ്യ പേജിന്റെ ചിത്രം ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഫോട്ടോഗ്രാഫര്‍ ബി പി ദീപു ചിത്രം പകര്‍ത്തിയത്. ഇത് സൂം ചെയ്ത നോക്കിയപ്പോഴാണ് എംഎല്‍എമാരുടെ പിന്തുണ ആര്‍ക്കൊപ്പമെന്ന് വ്യക്തമായത്. ആദ്യപേജില്‍ പുറത്തു കാണുന്ന ഭൂരിഭാഗം പേരും കെസി വേണുഗോപാലിനെയാണ് പിന്തുണച്ചിരിക്കുന്നത്. കെ നീലകണ്ഠന്‍ പ്രത്യേകിച്ച് അഭിപ്രായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.

ഈ സാഹചര്യത്തില്‍ 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന കെസി വേണുഗോപാലിന്റെ അവകാശവാദം ശരിയാണെന്നാണ് മനസ്സിലാവുന്നത്.

സണ്ണി ജോസഫ് ഉൾപ്പെടെ കോൺഗ്രസിന്റെ 63 എംഎൽഎമാരിൽ 47 പേർ കൂടിക്കാഴ്ചയിൽ കെ.സി വേണു​ഗോപാലിൻ്റെ പേര് നിർദേശിച്ചതായും പാർട്ടി വൃത്തങ്ങളെ പ്രതിപാദിച്ച് പത്രം റിപ്പോ‍ർട്ട് ചെയ്യുന്നു.

രമേശ് ചെന്നിത്തലയ്ക്ക് എട്ട് എംഎൽഎമാരുടെയും വി.ഡി സതീശന് ആറ് പേരുടെ പിന്തുണയുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപോര്‍ട്ടില്‍ പറയുന്നു. 63 എംഎൽഎമാരെ കൂടാതെ കോൺഗ്രസ് എംപിമാരുമായും മുതിർന്ന പാർട്ടി നേതാക്കളുമായും നിരീക്ഷകർ നേരിട്ട് കൂടിക്കാഴ്ച നടത്തി. മൂന്ന് മുൻ കെപിസിസി ഭാരവാഹികൾ സതീശനെ പിന്തുണച്ചപ്പോൾ, നിരവധി മുതിർന്ന നേതാക്കൾ വേണുഗോപാലിനെ പിന്തുണച്ചതായും പത്രം സൂചിപ്പിക്കുന്നു.

അതേസമയം, എഐസിസി നിരീക്ഷകർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.‌ കേരളത്തിലെ സാഹചര്യം വിലയിരുത്താൻ പ്രത്യേക സംഘത്തെ എഐസിസി നിയോഗിച്ചു. ജനപിന്തുണ അടക്കമുള്ളവ പരിശോധിക്കനാണ് ടീം. ഇവരുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം