22
Nov 2025
Mon
22 Nov 2025 Mon
kerala driving test

ഡ്രൈവിങ് ടെസ്റ്റിനുള്ള ലേണേഴ്സ് പരീക്ഷയില്‍ മാറ്റം വരുത്തി.
അടുത്തിടെ ഏര്‍പ്പെടുത്തിയ പരിഷ്‌കാരങ്ങള്‍ വ്യാപകമായ കൂട്ടത്തോല്‍വിക്ക് കാരണമായതിനെത്തുടര്‍ന്നാണ് മാറ്റം. അപേക്ഷകരില്‍ നിന്നു വലിയ പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഗതാഗത വകുപ്പ് പരീക്ഷാ സമ്പ്രദായത്തില്‍ ചെറിയ ഇളവുകള്‍ വരുത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാപ്ച ചോദ്യങ്ങള്‍ കുറച്ചു

പരീക്ഷാര്‍ത്ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ ബുദ്ദിമുട്ട് സൃഷ്ടിച്ച കാപ്ച ചോദ്യങ്ങളുടെ എണ്ണം കുറച്ചാണ് നിലവിലെ പരാതികള്‍ക്ക് പരിഹാരം കണ്ടിരിക്കുന്നത്. പരിഷ്‌കരിച്ച സമ്പ്രദായ പ്രകാരം ചോദ്യങ്ങളുടെ എണ്ണം 20-ല്‍ നിന്ന് 30 ആയി ഉയര്‍ത്തുകയും വിജയിക്കാന്‍ വേണ്ട മാര്‍ക്ക് 18 ശരിയുത്തരങ്ങളുമാക്കുകയും ചെയ്തിരുന്നു.

ഓരോ മൂന്ന് സാധാരണ ചോദ്യങ്ങള്‍ക്കുശേഷം വരുന്ന ചോദ്യത്തിന്റെ ഉത്തരത്തോടൊപ്പം കാപ്ച (ചെറിയ അക്ഷരങ്ങള്‍, വലിയ അക്ഷരങ്ങള്‍, നമ്പരുകള്‍ എന്നിവ അടങ്ങിയ കോഡ്) കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്ത് നല്‍കണം. നേരത്തെ 30 ചോദ്യങ്ങളുള്ള പരീക്ഷയില്‍ 9 തവണ കാപ്ച ഉത്തരം നല്‍കേണ്ടി വരുമായിരുന്നു. പരാതിയെത്തുടര്‍ന്ന് മൊത്തം മൂന്ന് കാപ്ച ചോദ്യങ്ങള്‍ മാത്രമായി ഇപ്പൊള്‍ ചുരുക്കിയിരിക്കുന്നത്.

ALSO READ: തകര്‍ന്നത് 1.35 കോടി ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണി; വീടുകളില്‍ വെള്ളം കയറി; വാഹനങ്ങള്‍ ഒഴുകിപ്പോയി

ഇങ്ങിനെ കാപ്ച ടൈപ്പ് ചെയ്യേണ്ടി വരുമ്പോള്‍ വലിയ തോതില്‍ സമയം നഷ്ടപ്പെടുന്നതാണ് തോല്‍വിക്ക് ഇടയാക്കിയത്. സാധാരണ ചോദ്യത്തിന് 30 സെക്കന്‍ഡും കാപ്ച ചോദ്യത്തിന് 45 സെക്കന്‍ഡുമാണ് അനുവദിച്ചിരിക്കുന്ന സമയം. കമ്പ്യൂട്ടര്‍ പരിജ്ഞാനം കുറഞ്ഞവര്‍ക്കും ടൈപ്പിംഗ് വേഗത ഇല്ലാത്തവര്‍ക്കും അനുവദിച്ച സമയത്തിനുള്ളില്‍ പരീക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. ആദ്യ കാപ്ച ചോദ്യത്തിന് ഉത്തരം നല്‍കുമ്പോഴേക്കും പലരുടെയും സമയം തീരുന്ന അവസ്ഥയുണ്ടായിരുന്നു.

ചോദ്യങ്ങള്‍ക്ക് കടുപ്പം കൂടുതല്‍

കാപ്ചാ ചോദ്യങ്ങള്‍ കുറച്ചത് അപേക്ഷകര്‍ക്ക് ആശ്വാസമായെങ്കിലും ഇപ്പോഴും പരീക്ഷ എഴുതാന്‍ പലരും മടിക്കുന്നുണ്ട്. സിലബസില്‍ ഇല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്നും ‘വട്ടംകറക്കുന്ന’ ചോദ്യങ്ങളാണ് ഉള്ളതെന്നുമാണ് നിലവിലെ ആക്ഷേപം. ലേണേഴ്സ് പരീക്ഷയ്ക്ക് തീയതി ലഭിക്കാന്‍ നിലവില്‍ നാളുകള്‍ കാത്തിരിക്കണം. തോറ്റാല്‍ വീണ്ടും തീയതിക്കായി കാത്തിരിക്കേണ്ടി വരുന്നതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.