Kerala election result 2026 counting progress udf lead തിരുവനന്തപുരം: കേരളത്തില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ക്കു പിന്നാലെ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും എണ്ണി തുടങ്ങി. ആദ്യ ഫലസൂചനകള്‍ പ്രകാരം ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്നതാണ് നിലവിലെ ലീഡ് നില.
|
വോട്ടെണ്ണല്‍ ആരംഭിച്ച് ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍
യു.ഡി.എഫ് 76 സീറ്റുകളിലും എല്‍.ഡി.എഫ് 59 സീറ്റുകളിലും എന്‍.ഡി.എ നാല് സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഓരോ മിനിറ്റിലും ലീഡ് നില മാറിമറിയുകയാണ്. ആദ്യ റൗണ്ട് പ്രകാരമുള്ള ഫല സൂചനകളാണിത്.
ഓരോ റൗണ്ടും പൂര്‍ത്തിയാകാന്‍ അര മണിക്കൂര്‍ വരെ വേണ്ടിവരാം. കേരളം അടുത്ത അഞ്ചുവര്‍ഷം ആരു ഭരിക്കുമെന്ന് മണിക്കൂറുകള്‍ക്കകം അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെ സ്‌ട്രോങ് റൂമുകള്‍ രാവിലെ ആറരയോടെ കനത്ത സുരക്ഷയില്‍ തുറന്നു. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസം നീണ്ട ഉദ്വേഗഭരിതമായ കാത്തിരിപ്പിന് വിരാമമിട്ടാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.
നിലവില്‍ നാലിടങ്ങളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.
കോഴിക്കോട് സൗത്ത്, മഞ്ചേശ്വരം, പാലക്കാട്, നേമം മണ്ഡലങ്ങളിലാണ് എന്‍ഡിഎ മുന്നേറ്റം.
ആദ്യ മണിക്കൂറില്‍ തന്നെ സംസ്ഥാനത്തെ ട്രെന്‍ഡുകള്‍ വ്യക്തമാകും. ഉച്ചയോടെ 140 മണ്ഡലങ്ങളിലെയും പൂര്‍ണ്ണരൂപം പുറത്തുവരുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷന്‍ നല്‍കുന്ന സൂചന.
പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണവിരുദ്ധ വികാരം തുണയ്ക്കുമെന്നും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്താമെന്നും യുഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു. എന്നാല്‍, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി കേരള ചരിത്രത്തിലാദ്യമായി മൂന്നാം തവണയും പിണറായി സര്‍ക്കാര്‍ അധികാരമുറപ്പിക്കുമെന്ന ആവേശത്തിലാണ് എല്‍.ഡി.എഫ് ക്യാമ്പ്.
അതേസമയം, ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നേടി നിര്‍ണായക ശക്തിയാകാന്‍ ബിജെപിയും കച്ചമുറുക്കുന്നു. ജയപരാജയങ്ങള്‍ എങ്ങോട്ടും മറിയാവുന്ന മുപ്പതിലേറെ മണ്ഡലങ്ങളാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുന്നത്. സംസ്ഥാനത്ത് 43 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിന് വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയത്.
അവസാന നിമിഷവും ചരിത്രപരമായ ഭരണത്തുടര്‍ച്ചയെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. ഭരണമാറ്റമുണ്ടാകുമെന്ന് ഉറച്ചുവിശ്വസിക്കുന്ന യു.ഡി.എഫ് ക്യാമ്പില്‍ വലിയ ഒരുക്കങ്ങളായിരുന്നു ഞായറാഴ്ച. കെ.പി.സി.സി ആസ്ഥാനമായ ഇന്ദിര ഭവനില്‍ പന്തല്‍ ഉയരുകയും പായസം വെക്കാനുള്ള ചെമ്പുകളും ലഡുവും ഓര്‍ഡര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. മറുഭാഗത്ത്, മേയ് ആറിന് സെക്രട്ടറിയേറ്റ് ചേര്‍ന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ടണ്ണല്‍ ദിനത്തില്‍ പിണറായിയിലെ വീട്ടില്‍ തന്നെയാകും. ചൊവ്വാഴ്ച തിരുവനന്തപുരത്തെത്തും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഞായറാഴ്ച രാത്രി തലസ്ഥാനത്തെത്തി. ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിലിരുന്നാകും സതീശന്‍ വോട്ടെണ്ണല്‍ നില അറിയുക.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എ.കെ.ജി സെന്ററിലുണ്ട്. കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും വോട്ടെണ്ണല്‍ ദിനത്തില്‍ ഇന്ദിര ഭവനിലുണ്ടാകും. രമേശ് ചെന്നിത്തല രാവിലെ ഒമ്പത് മണിയോടെ ഇന്ദിര ഭവനിലെത്തും. ഉച്ചക്കുശേഷം ഹരിപ്പാട്ടേക്ക് മടങ്ങും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പി സംസ്ഥാന ഓഫിസിലും നേമത്തുമായുണ്ടാകും.
അഞ്ചു സംസ്ഥാനങ്ങള്‍ വിധി കാക്കുന്നു
കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും വോട്ടെണ്ണല്‍ ഇന്നാണ് നടക്കുന്നത്. ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന ബംഗാളിലെയും തമിഴ്‌നാട്ടിലെയും ഫലങ്ങള്‍ക്കൊപ്പം കേരളത്തിലെ ജനവിധിയും രാജ്യം അതീവ പ്രാധാന്യത്തോടെയാണ് വീക്ഷിക്കുന്നത്.

