24
Jul 2023
Sat
24 Jul 2023 Sat

ജിദ്ദ: ഏതൊരു മത വിഭാഗത്തിന്റെയും തീർഥാടനം മനുഷ്യ മനസ്സിനെ വിശാലമാക്കുന്നുവെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ
സി മുഹമ്മദ് ഫൈസി പറഞ്ഞു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജിദ്ദയിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് നമ്മുടെ സാംസ്കാരിക കേരളത്തിലടക്കം മനുഷ്യ മനസ്സുകൾ സ്വന്തത്തിലേക്ക് ചുരുങ്ങുകയും വികലമായ ചിന്തകൾ ഉടലെടുക്കുകയും ചെയ്യുന്നു. എന്നാൽ പുണ്യ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ മനുഷ്യന്റെ മനസ്സുകൾ വിശാലമായി മാനവ സൗഹൃദങ്ങൾക്ക് വഴി ഒരുക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ട തീർഥാടനമാണ് ഹജ്ജ് എന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രശ്നങ്ങൾ കേൾക്കുക, പരിഹാരം നിർദേശിക്കുക, അതിനായ് പ്രവർത്തിക്കുക എന്ന മലയാളികൾക്ക് മാത്രമുള്ള പ്രകൃതം ലോകത്ത് എവിടെയും നമ്മുക്ക് കാണാൻ സാധിക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മലയാളി സന്നദ്ധ സംഘടനകളുടെ ഹജ്ജ് വളന്റീയർ സേവനം. ഇത് ലോകത്തിന് തന്നെ മാതൃകയാണ്. കേന്ദ്ര ഗവർമെന്റ് തന്നെ തീർഥാടകരുടെ സൗകര്യങ്ങൾ വിലയിരുത്തി സന്നദ്ധ സംഘടനകളുടെ ചിട്ടയായ പ്രവർത്തനങ്ങൾ ഹജ്ജ് പൂർണ വിജയത്തിൽ എത്തിക്കാൻ സഹായിച്ചു എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിന്റെ ഗുണഫലങ്ങൾ കേരള ഹജ്ജ് കമ്മിറ്റിക്കും ലഭിച്ചിട്ടുണ്ട്. കേരള ഹജ്ജ് കമ്മിറ്റിക്ക് വേണ്ടി എല്ലാ സന്നദ്ധ സംഘടകളെയും വളന്റിയർമാരെയും അനുമോദിക്കുന്നു. കൂടുതൽ അനുമോദനങ്ങൾക്കും പ്രശംസകൾക്കും അവർ അർഹരാണെന്നും സി മുഹമ്മദ് ഫൈസി കൂട്ടിച്ചേർത്തു.

സൗദി ഗവർമെന്റ് ഹജ്ജ് തീർഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങൾ പ്രശംസനീയമാണ്. ഇന്ത്യ ഗവർമെന്റും കേരള സർക്കാരും ഹാജിമാരുടെ സുരക്ഷയ്ക്കും സേവനത്തിനുമായി ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, കേരള, കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ഹജ്ജിന് എത്തുന്നത്. കേരളത്തിലെ മതപരമായ സാഹചര്യങ്ങളും ഗൾഫ്‌ സ്വാധീനവുമാണ് ഹാജ്ജിമാരുടെ എണ്ണത്തിലുള്ള വർദ്ധനവിന് കാരണം എന്നാണ് മനസ്സിലാക്കുന്നത്. മൂന്ന് എംബാർകേഷൻ പോയിന്റുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം മാത്രമേയുള്ളു. ഇതിനു വേണ്ടി പ്രവർത്തിച്ച മുഴുവൻ ജന പ്രതിനിധികളെയും സംഘടനകളെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മുഹറമില്ലാതെ സ്ത്രീകൾക്ക് ഹജ്ജിന് അവസരമൊരുക്കിയതിലൂടെ സഫ മർവയുടെയും സംസത്തിന്റെയും ഹാജർ ബീവിയുടെയും ചരിത്രം കൂടുതൽ അനുസ്മരിക്കപ്പെടുന്നു. ഹജ്ജിൽ സ്ത്രീകൾക്കുള്ള പ്രാധാന്യം കൂടുതൽ പ്രസക്തമാകുന്നു. വനിതാ തീർത്ഥാടകർക്കായി കരിപ്പൂർ ഹജ്ജ് ഹൗസിൽ നിർമിച്ച ലേഡീസ് ബ്ലോക്ക് ശ്രദ്ധേയമാണ്. ഇത് മെച്ചപ്പെട്ട സേവനങ്ങൾ ഹാജ്ജിമാർക്ക് ലഭിക്കാൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി ഗവർമെന്റ് തീർഥാടകരുടെ സൗകര്യത്തിനായി നടപ്പാക്കുന്ന പുതിയ വിസാ നടപടികളെ കുറിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായി ചർച്ച ചെയ്യേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ തീർഥാടകർക്ക് വേണ്ടി 470 കെട്ടിടങ്ങളിലായി 3500 മുറികളും 600 ബസുകളും ഒരുക്കിയിരുന്നു. ഹാജിമാർക്കായി സൗദി ഭരണകൂടം സൗജന്യ ചികിൽത്സയാണ് നൽകിയത്. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ഒരുക്കിയ മീറ്റ് ദ പ്രസ്സിൽ ഫോറം ആക്ടിങ് പ്രസിഡന്റ് ജാഫറലി പാലക്കോടും ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായിയും പങ്കെടുത്ത് വിവിധ പരിപാടികൾ നിയന്ത്രിച്ചു.