തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിനിടെ യൂഡിഎഫിന് വന്‍ തിരിച്ചടി. സൂക്ഷ്മപരിശോധനയില്‍ തള്ളപ്പെട്ട പത്രികകളില്‍ യുഡിഎഫിലെ പല പ്രമുഖരും ഉള്‍പ്പെട്ടു. എറണാകുളം, കോട്ടയം, തൃശൂര്‍, വയനാട്, കൊല്ലം ജില്ലകളിലാണ് പത്രിക തള്ളിയത്. കല്‍പറ്റ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ പുറത്തായി. എറണാകുളം ജില്ലാ പഞ്ചായത്തിലെ ഉറച്ച സീറ്റും യുഡിഎഫ് കൈവിട്ടു
|
എറണാകുളത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ പത്രിക തള്ളിയത് വലിയ തിരിച്ചടിയായി. കടമക്കുടി ഡിവിഷനിലെ സ്ഥാനാര്‍ഥി എല്‍സി ജോര്‍ജിന്റെ മൂന്ന് സെറ്റ് പത്രികയിലും പിന്തുണച്ച് ഒപ്പിട്ടിരിക്കുന്നത് ഡിവിഷന് പുറത്തുനിന്നുള്ള വ്യക്തിയാണ്. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ഒന്ന്, പതിനൊന്ന് ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പത്രികയും തള്ളി.
പൊതുമേഖല സ്ഥാപനത്തിലെ ജീവനക്കാരിയായതിനാലാണ് ഒന്നാം ഡിവിഷനില്‍ മല്‍സരിക്കുന്ന ഷെറീന ഷാജിയുടെ പത്രിക തളളിയത്. 2 വര്‍ഷം ശിക്ഷിക്കപ്പെട്ട വിവരം നല്‍കാതിരുന്നത് പതിനൊന്നാം ഡിവിഷനിലെ യുഡിഎഫിലെ ജോണ്‍സണ്‍ പുനത്തിലിന് വിനയായി.
കോട്ടയം പാമ്പാടി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമണി മത്തായി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ കണക്ക് നല്‍കാത്തത് തിരിച്ചടിയായി. വയനാട് കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ സ്ഥാനാര്‍ഥി ടി.വി.രവീന്ദ്രന്റെ പത്രികയും തള്ളി.
നഗരസഭാ സെക്രട്ടറിയായിരിക്കെയുണ്ടായ ബാധ്യത തീര്‍ത്തില്ലെന്നാണ് ആരോപണം. 23-ാം വാര്‍ഡില്‍ സി.എസ്. പ്രഭാകരന്‍ പകരം സ്ഥാനാര്‍ഥിയായി. കണ്ണൂര്‍ മലപ്പട്ടത്ത് വ്യാജ ഒപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് യുഡിഎഫ് സ്ഥാനാര്‍ഥി നിത്യശ്രീയുടെ പത്രിക തള്ളി. റിട്ടേണിങ് ഓഫിസര്‍ സിപിഎം ഭീഷണിക്ക് വഴങ്ങിയെന്ന് നിത്യശ്രീ ആരോപിച്ചു.
മുന്‍ വര്‍ഷങ്ങളില്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിന്റെ കണക്ക് നല്‍കാത്തതിനാല്‍ പാലക്കാട് നെല്ലിയാമ്പതി ഒന്നാം ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി.


