|
Kerala local body election 2025 result തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. നാളെ രാവിലെ 8 മണി മുതല്‍ വോട്ടെണ്ണി തുടങ്ങും. 8.20ഓടെ ആദ്യ ഫലസൂചനകള്‍ അറിയാം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമാണ് ആദ്യം വരിക.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ നടന്ന തദ്ദേശ വോട്ടെടുപ്പ് ഫലം ഇരു മുന്നണികള്‍ക്കും നിര്‍ണായകമാണ്. 11 ജില്ലകളില്‍ അധികാരം പിടിക്കുമെന്നാണ് എല്‍ഡിഎഫ് വിലയിരുത്തുന്നത്. എന്നാല്‍, 4 കോര്‍പ്പറേഷനുകളില്‍ ഉള്‍പ്പെടെ അട്ടിമറി വിജയം നേടാനാവുമെന്നാണ് യുഡിഎഫ് പ്രതീക്ഷ.
ഏഴുജില്ലകള്‍കൂടി വിധിയെഴുതിയതോടെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി. കഴിഞ്ഞ 15 വര്‍ഷത്തെ തദ്ദേശ പൊതുതിരഞ്ഞെടുപ്പുകളിലെ ഏറ്റവും കുറഞ്ഞ പോളിങ്ങാണ് ഇത്തവണ. ആകെയുള്ള 2.86 കോടി വോട്ടര്‍മാരില്‍ 2.11 കോടിപ്പേര്‍ വോട്ടുചെയ്തു. പോളിങ് ശതമാനം 73.69. 2020-ല്‍ കോവിഡ് കാലത്ത് സാമൂഹിക അകലം പാലിച്ചുനടത്തിയ തിരഞ്ഞെടുപ്പിലേതിനെക്കാള്‍ കുറവാണിത്. അന്ന് 75.95 ശതമാനമായിരുന്നു പോളിങ്. അന്തിമ കണക്കുകളില്‍ നേരിയമാറ്റം വരാം.
സ്ത്രീകള്‍ കൂടി, പുരുഷന്മാര്‍ കുറഞ്ഞു
ആകെ വോട്ടുചെയ്തതില്‍ 1.13 കോടിപ്പേര്‍ സ്ത്രീകളും 98.15 ലക്ഷം പേര്‍ പുരുഷന്മാരുമാണ്. 74.51 ശതമാനം സ്ത്രീകളും 72.67 ശതമാനം പുരുഷന്മാരും വോട്ടുചെയ്തു. വോട്ടുചെയ്ത സ്ത്രീകളുടെ എണ്ണം കഴിഞ്ഞതവണ 1,09,64,603 ആയിരുന്നു. ഇത്തവണ 2.99 ലക്ഷം കൂടി.
പുരുഷന്മാരുടെ എണ്ണം 2.25 ലക്ഷത്തോളം കുറഞ്ഞു. 2020-ല്‍ 1,00,41,055 ആയിരുന്നു. ട്രാന്‍സ്*!*!*!െജന്‍ഡര്‍ വിഭാഗത്തില്‍ 287 പേരില്‍ 116 പേര്‍ വോട്ടുചെയ്തു.
പോളിങ്ങിലെ കുറവ് നിരാശപ്പെടുത്തുന്നതാണെങ്കിലും ജയസാധ്യതകളെ ബാധിക്കുമെന്ന് മുന്നണികള്‍ കരുതുന്നില്ല. 1199 തദ്ദേശസ്ഥാപനങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്.
വടക്കന്‍ കേരളത്തില്‍ പോളിങ് കൂടുതല്‍
ആദ്യഘട്ടമായി ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്ന ഏഴുജില്ലകളിലും പോളിങ് ശതമാനം കുറഞ്ഞിരുന്നു. 70.91 ശതമാനമായിരുന്നു പോളിങ്.
വ്യാഴാഴ്ച തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ എഴ് ജില്ലകളാണ് ബൂത്തില്‍ എത്തിയത്. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്ക് പോളിങ് കൂടുതലായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ജില്ലകളിലും നേരിയ കുറവുണ്ട്. അന്ന് ഈ ജില്ലകളിലാകെ ശരാശരി പോളിങ് 77.89 ശതമാനമായിരുന്നു. ഇത്തവണ 76.08 ശതമാനവും.
ജില്ലകളില്‍ ഇത്തവണയും ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്- 66.78 ശതമാനം. ഏറ്റവും കൂടുതലെന്ന റെക്കോഡ് വയനാടും നിലനിര്‍ത്തി-78.3ശതമാനം.
കോര്‍പ്പറേഷനുകളില്‍ പിന്നില്‍ തിരുവനന്തപുരം
കേര്‍പ്പറേഷനുകളില്‍ ഏറ്റവും കുറഞ്ഞ പോളിങ് തിരുവനന്തപുരത്താണ്-58.29 ശതമാനം. ഏറ്റവും കൂടുതല്‍ കണ്ണൂരും-70.32 ശതമാനം. കൊച്ചിയില്‍ നേരിയ വര്‍ധനയുണ്ടായി. കോഴിക്കോട് ഏതാണ്ട് മുന്‍വര്‍ഷത്തിനൊപ്പമാണ്. കൊല്ലം 63.35, കൊച്ചി 62.44, തൃശ്ശൂര്‍ 62.45, കോഴിക്കോട് 69.55
ആത്മവിശ്വാസത്തില്‍ യുഡിഎഫ് ക്യാമ്പ്
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ് പൂര്‍ത്തിയായപ്പോള്‍ വ്യക്തമായ മേല്‍ക്കൈ നേടിയെന്ന ഉറച്ച ആത്മവിശ്വാസത്തില്‍ യു.ഡി.എഫ് ക്യാമ്പ്. ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭ തെരഞ്ഞെടുപ്പിലും സ്വന്തമാക്കിയ മുന്‍തൂക്കം തദ്ദേശ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് ഉറപ്പിക്കുകയാണ് നേതൃത്വം.
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ കൃത്യമായി പ്രാവര്‍ത്തികമാക്കുകയും രാഷ്ട്രീയ ആയുധങ്ങള്‍ ലക്ഷ്യത്തില്‍ തറക്കുകയും ചെയ്തുവെന്നു മാത്രമല്ല, ‘ഇലക്ഷന്‍ അജണ്ട’ നിശ്ചയിക്കുംവിധം കരുത്തുറ്റ സാന്നിധ്യമായി യു.ഡി.എഫിന് ഇക്കുറി മാറാനായി എന്നും നേതാക്കള്‍ അടിവരയിടുന്നു. ഇത് വോട്ടെണ്ണലില്‍ കൃത്യമായി പ്രതിഫലിക്കും.
തുണയായി ക്ഷേമത്തണല്‍
കെട്ടുറപ്പോടെയുള്ള പ്രവര്‍ത്തനവും വികസനക്ഷേമാനുകൂല്യങ്ങളുടെ തണലും തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നണിയുടെ മേധാവിത്വവും അടിത്തറയും ഉറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതു ക്യാമ്പ്. ക്ഷേമ പെന്‍ഷന്‍ വര്‍ധനയ്ക്ക് പുറമേ, യുവാക്കള്‍ക്കുള്ള സ്‌റ്റൈപ്പന്‍ഡും വീട്ടമ്മമാര്‍ക്കുള്ള പെന്‍ഷന്‍ പ്രഖ്യാപനവും വലിയ പ്രതിഫലനം സൃഷ്ടിച്ചതായി മുന്നണി കണക്കാക്കുന്നു. ഇത് കൃത്യമായും വോട്ടാകും.
ലൈഫ് മിഷന്‍, കിഫ്ബി എന്നിവ വഴിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍, റേഷന്‍ വിതരണം തുടങ്ങിയവ സാധാരണ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ക്ഷേമപെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 2000 ആയി ഉയര്‍ത്തിയത് അടിസ്ഥാന ജനവിഭാഗങ്ങളില്‍ സര്‍ക്കാരിറിനോടുള്ള മതിപ്പ് വര്‍ധിപ്പിച്ചു. വിവിധ മേഖലകളില്‍ സര്‍ക്കാര്‍ തുടങ്ങിവെച്ച വികസന പദ്ധതികള്‍ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങളിലും അനുഭവവേദ്യമായിട്ടുണ്ട്. പ്രതിപക്ഷം ഉന്നയിച്ച ഭരണവിരുദ്ധ വികാരമടക്കം രാഷ്ട്രീയ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞുവെന്നും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു.


