22
Nov 2025
Mon
22 Nov 2025 Mon
kerala local body election

Kerala local body election date സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ തിയ്യതികള്‍ ഇന്ന് ഉച്ചയ്ക്ക് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് 12 മണിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ് പ്രഖ്യാപനം. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്ന് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക എന്നതാണ് നേരത്തെ അറിയിച്ചിരുന്നത്. തെരഞ്ഞെടുപ്പിന്റെ തീയതികള്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയടക്കം ഉച്ചയോടെ അറിയാനാകും.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി സംസ്ഥാന ഭരണത്തുടര്‍ച്ച ഉണ്ടാക്കുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള മുന്നൊരുക്കമാണ് യുഡിഎഫ് നടത്തുന്നത്.

സംസ്ഥാനത്ത് നിലവില്‍ ആകെയുള്ള ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും ഇടതുമുന്നണിക്കാണ് മേധാവിത്വം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, കൊല്ലം കോര്‍പ്പറേഷനുകള്‍ ഭരിക്കുന്നത് എല്‍ഡിഎഫാണ്. കണ്ണൂരില്‍ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്.

ആകെയുള്ളത് 87 നഗരസഭകളില്‍ ഇടതുമുന്നണി ഭരിക്കുന്നത് 44 ഇടത്താണ്. യുഡിഎഫ് 41 നഗരസഭകളിലും. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്. 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടത്ത് എല്‍എഡിഎഫും മൂന്നിടത്ത് യുഡിഎഫും ഭരിക്കുന്നു. എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്.

സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. 941 ഗ്രാമ പഞ്ചായത്തുകളില്‍ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എന്‍ഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവര്‍ 7 പഞ്ചായത്തുകളിലും ഭരണ സാരഥ്യത്തിലുണ്ട്.