തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസ്സുകള്‍ക്ക് ഇന്ന് തുടക്കം. (Kerala Plus one classes will start today) വിദ്യാര്‍ഥികളെ മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ സ്വീകരിക്കും. 2076 സ്‌കൂളുകളിലാണ് ഇന്ന് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. മൂന്ന് അലോട്ട്‌മെന്റുകള്‍ പൂര്‍ത്തിയായപ്പോള്‍ ഏകദേശം മൂന്നേകാല്‍ ലക്ഷം വിദ്യാര്‍ഥികള്‍ സ്ഥിരപ്രവേശനം നേടി. രണ്ട് സപ്ലിമെന്ററി അലോട്ട്മെന്റുകളാണ് ഇനി ബാക്കിയുള്ളത്.
|
മലബാര്‍ ജില്ലകളിലെ 80,000ല്‍ അധികം വിദ്യാര്‍ഥികള്‍ സീറ്റ് ലഭിക്കാതെ പുറത്തുനില്‍ക്കുമ്പോഴാണ് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പോലും സീറ്റ് കിട്ടിയിട്ടില്ല. എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളുടെ സമരം ഇന്ന് നടക്കും. എന്നാല്‍, പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും സംസ്ഥാനത്ത് എവിടെയും സീറ്റ് പ്രതിസന്ധി ഇല്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. മലപ്പുറം ജില്ലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 25ന് വിദ്യാര്‍ഥിസംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്.
ഉന്നത വിജയം നേടിയിട്ടും ക്ലാസുകള്‍ തുടങ്ങുന്ന ദിവസം ആശങ്കയോടെ നില്‍ക്കുകയാണ് മലബാറിലെ 83,133 വിദ്യാര്‍ഥികളും അവരുടെ രക്ഷിതാക്കളും. മലപ്പുറം ജില്ലയില്‍ മാത്രം 31,482 വിദ്യാര്‍ഥികള്‍ക്ക് സീറ്റ് ലഭിച്ചിട്ടില്ല. പ്ലസ് വണ്ണിന് അപേക്ഷിച്ച പാലക്കാട് ജില്ലയിലെ 17,399 ഉം കോഴിക്കോട് ജില്ലയിലെ 1601ഉം കുട്ടികള്‍ ഇപ്പോഴും പുറത്താണ്.


