കാലാവധിയാകുന്ന റാങ്ക് പട്ടികയിലേക്ക് ഒരു ഒഴിവുകൂടി റിപ്പോര്‍ട്ട് ചെയ്യാന്‍ രണ്ടു വകുപ്പുകളിലെ ജീവനക്കാര്‍ രാത്രി 12 മണിവരെയിരുന്ന് നടത്തിയ ഇടപെടലിന് ശുഭാന്ത്യം. (Kerala PSC appointment)
|
കാസര്‍കോട് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന്‍ എ ഗിരീഷ്‌കുമാര്‍ ട്രഷറി എല്‍ഡി ക്ലര്‍ക്ക് ബൈട്രാന്‍സ്ഫര്‍ പ്രമോഷന്‍ പട്ടികയില്‍ ഇടംപിടിക്കുന്നിടത്താണ് തുടക്കം.
വ്യാഴാഴ്ച്ച പകല്‍ ആണ് പിഎസ്സി സൈറ്റില്‍ പട്ടിക വന്നത്. 3.15ന് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡര്‍മാര്‍ എന്‍ജിഒ യൂണിയന്‍ നേതാക്കളുടെ സഹായം തേടുന്നു. ഗിരീഷ്‌കുമാര്‍ വനിതാശിശു വികസന വകുപ്പില്‍നിന്ന് വിടുതല്‍ നേടി ട്രഷറി വകുപ്പില്‍ ജോയിന്‍ ചെയ്യണം. എല്ലാം രാത്രി 12നു മുമ്പ് നടന്നാല്‍ അന്ന് കാലാവധിയാകുന്ന റാങ്ക് പട്ടികയില്‍നിന്ന് ഒരാള്‍കൂടി നിയമിക്കപ്പെടും.
വൈകിട്ട് 4: നിയമന ശുപാര്‍ശ പിഎസ്സി നേരിട്ട് ട്രഷറി ഓഫീസില്‍ എത്തിച്ചു. 5.05: എസ്റ്റാബ്ലിഷ്മെന്റ് ക്ലര്‍ക്കിനെ വിളിച്ചുവരുത്തി നിയമന ഉത്തരവ് തയ്യാറാക്കുന്നു. രാത്രി 7: വീട്ടിലായിരുന്ന ജില്ലാ ട്രഷറി ഓഫീസര്‍ നിയമന ഉത്തരവില്‍ ഒപ്പിടുന്നു. രാത്രി 7.30: ഗിരീഷ് നിയമന ഉത്തരവ് കൈപ്പറ്റുന്നു.
ALSO READ: സിറിയയില്‍ ഇസ്രായേല്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ആക്രമണം തടയാന്‍ യോജിച്ച് നീങ്ങുമെന്ന് സൗദി
രാത്രി 8.20 ജീവനക്കാരന്‍ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് വിടുതല്‍ അപേക്ഷ നല്‍കുന്നു. അനുമതിക്ക് തിരുവനന്തപുരത്ത് ഡയറക്ടറേറ്റിലേക്ക് അയക്കുന്നു. രാത്രി 9: ഡയറക്ടറേറ്റില്‍ രാത്രി 8.30വരെ കാത്തുനിന്ന് വീട്ടിലേക്കുപോയ ജീവനക്കാരിയെ വിളിച്ചുവരുത്തി അനുമതി ഉത്തരവ് തയ്യാറാക്കുന്നു.
രാത്രി 10: വനിതാശിശു വികസന ഡയറക്ടര്‍ ഹരിത വി കുമാര്‍ കുഞ്ഞുമായി ഓഫീസില്‍ എത്തി വിടുതല്‍ അനുമതിയില്‍ ഒപ്പിട്ട് കാസര്‍കോട് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് അയക്കുന്നു. 11.45: കാസര്‍കോട് തയ്യാറാക്കിയ വിടുതല്‍ ഉത്തരവ് തിരുവനന്തപുരം ഡയറക്ടറേറ്റില്‍ എത്തുന്നു.
11.49: വനിതാശിശു വികസന വകുപ്പിനുകീഴിലുള്ള കാസര്‍കോട്ടെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസില്‍ ഒരു ലാസ്റ്റ് ഗ്രേഡ് ഒഴിവ് പിഎസ്സിക്ക് റിപ്പോര്‍ട്ടു ചെയ്യുന്നു.
രാത്രി ഒമ്പതരയോടെയാണ് ഇങ്ങനൊരു ഒഴിവുണ്ടാകുന്നതിനെക്കുറിച്ചുള്ള വിവരം കാസര്‍കോട്ടെ ഓഫീസില്‍നിന്ന് ലഭിച്ചത്. ഒരാള്‍ക്ക് ജോലി ലഭിക്കുന്ന കാര്യമല്ലേ. എപ്പോഴായാലും അതിന് സന്നദ്ധമാവുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണെന്ന് വനിതാശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ പ്രതികരിച്ചു.
എനിക്കീ ജോലി കിട്ടുമോ എന്നുറപ്പില്ല. പക്ഷേ, എന്നെപ്പോലെ കഷ്ടപ്പെടുന്ന ഏതെങ്കിലും ജീവനില്‍ അത് വെളിച്ചം വീശും. ദൈവം അമ്പലങ്ങളിലെ ബിംബങ്ങളും കോലങ്ങളും മാത്രമല്ല. ചിലപ്പോള്‍ മനുഷ്യരായും നമുക്ക് മുന്നില്‍ അവതരിക്കുമെന്നാണ് കാസര്‍കോഡ് ചെറുവത്തൂര്‍ ഓരിയിലെ പിഎസ് സി റാങ്ക് ഹോള്‍ഡറായി ശ്രീജ ജി നായര്‍ ഈ ദൗത്യത്തെക്കുറിച്ച് പറഞ്ഞത്.


