തിരുവനന്തപുരം: കേരളത്തില്‍ ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ രെഡ് അലര്‍ട്ടും മൂന്നിടത്ത് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. കണ്ണൂരും കാസര്‍കോടുമാണ് റെഡ് അലര്‍ട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. ഈ ജില്ലകളില്‍ ആണ് ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയത്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇന്ന് മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരുമെന്നാണ് പ്രവചനം. കാസര്‍കോട്, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
|
മധ്യകേരളത്തില്‍ ശക്യമായ മഴയാണ് പ്രവചിക്കപ്പെടുന്നത്. തമിഴ്‌നാടിനും കേരളത്തിനും ഇടയില്‍ രൂപംകൊണ്ട ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. തെക്കന്‍ കേരളത്തിനു മുകളിലായി ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തമിഴ്‌നാട് തീരത്തിനു സമീപം ഉയര്‍ന്ന തോതില്‍ ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്.
ഇന്നലെ മഴമൂലം മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്നലെ പെയ്ത കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ അതിതീവ്രമഴയാണ് ലഭിച്ചത്. പാലക്കാട് എടത്തനാട്ടുകരയില്‍ ഓടക്കുളം ചൂളി ഭാഗത്ത് മലവെള്ളപ്പാച്ചിലുണ്ടായി. ഒറ്റപ്പാലം പനയൂരിലും ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. ഷൊര്‍ണൂരില്‍ ശക്തമായ മഴയില്‍ ഇറിഗേഷന്‍ ഓഫിസിനകത്ത് വെള്ളം കയറി. മണ്ണാര്‍ക്കാട് തെങ്കര കാഞ്ഞിരം റോഡില്‍ കോല്‍പാടം ക്രോസ് വേ നിറഞ്ഞൊഴുകി. മലപ്പുറം ഒലിപ്പുഴയിലും മലവെള്ളപ്പാച്ചിലുണ്ടായി. കരുവാരകുണ്ട് പുഴയില്‍ വെള്ളപ്പൊക്കമുണ്ടായി. തൃശൂരില്‍ നഗരപ്രദേശങ്ങളിലും മലയോര മേഖലയിലും മണിക്കൂറുകള്‍ നീണ്ട മഴ ലഭിച്ചു. ചേലക്കരയില്‍ വാഴക്കോട് പ്ലാഴി സംസ്ഥാനപാതയില്‍ ആറ്റൂര്‍ കമ്പനിപ്പടി പ്രദേശത്ത് വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. അശ്വിനി ആശുപത്രിയുടെ സമീപത്തെ വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു. തിങ്കളാഴ്ച രാത്രി തുടങ്ങിയ മഴയില്‍ എറണാകുളം നഗരത്തിലും വെള്ളക്കെട്ടുണ്ടായി.


