തിരുവനന്തപുരം: സംസ്ഥാനത്ത് 5 ദിവസം കനത്ത മഴയ്ക്കു സാധ്യത. ഇന്നും നാളെയും മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. (Kerala rain update: Heavy rains in the state for 5 days; Holiday in 7 districts today)
|
വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്ധ്രാപ്രദേശിനും മുകളിലായി സ്ഥിതിചെയ്ത ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചതോടെയാണ് മഴ കനത്തത്. ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്
എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നും പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നു യെല്ലോ അലര്‍ട്ട് ആണ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് തുടരും.
7 ജില്ലകളില്‍ അവധി
ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍ ഇന്നു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. നിലമ്പൂര്‍, ചേര്‍ത്തല, കുട്ടനാട്, ഇരിട്ടി താലൂക്കുകളിലും അവധി അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നേക്കും
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകിട്ട് 4ന് 134.30 അടിയിലെത്തി. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ റൂള്‍ കര്‍വ് പ്രകാരം നാളെ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കുമെന്നു തമിഴ്‌നാട് വാട്ടര്‍ റിസോഴ്‌സ് ഡിപ്പാര്‍ട്‌മെന്റ് അസി. എന്‍ജിനീയര്‍ അറിയിച്ചു.
മഴക്കെടുതില്‍ 7 മരണം
മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഏഴു പേര്‍ മരിച്ചു. മലപ്പുറം കരുവാരകുണ്ട് മഞ്ഞളാംചോലയില്‍ ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ തരിശ് മുക്കട്ട പുറ്റാണിക്കാട്ടില്‍ കമറുദ്ദീന്റെ മകന്‍ റംഷാദ് (30) മരിച്ചു. മഞ്ചേരി എളങ്കൂര്‍ കുട്ടശേരി മുളച്ചീരിക്കുണ്ട് ചുള്ളിക്കുളത്ത് മഹമ്മദിന്റെ മകന്‍ അബ്ദുല്‍ ലത്തീഫിനെ (42) വീടിനരികിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
തിരുവനന്തപുരത്ത് ചെമ്പഴന്തി ഇടത്തറയില്‍ നഗരസഭയുടെ കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥി കഴക്കൂട്ടം കാട്ടായിക്കോണം ശാസ്തവട്ടം കുന്നത്തുവിള വീട്ടില്‍ എസ്.സൂരജ് (17) മുങ്ങിമരിച്ചു. 22നു വെള്ളനാട് കമ്പനിമുക്കില്‍ കാണാതായ തമിഴ്‌നാട് തെങ്കാശി സ്വദേശി സെല്‍വ റീഗന്റെ (31) മൃതദേഹം വെള്ളനാട് കൂവക്കുടിക്ക് സമീപം കരമനയാറ്റില്‍ കണ്ടെത്തി.


