ക്ലാസ് മുറിയിലിരുന്ന് പരസ്യമായി ബിയര്‍ കഴിക്കുന്ന വിദ്യാര്‍ഥിനികളുടെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. (Kerala school girls drinking beer in classroom; What is the truth?) കേരളത്തിലെ സ്‌കൂളില്‍ നിന്നുള്ള ദൃശ്യം എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത്.
|
കേരളത്തില്‍ പുതിയ മദ്യനിര്‍മാണശാലകള്‍ തുടങ്ങുമെന്നും വിദ്യാലയങ്ങളുമായി നിശ്ചിത അകലം വേണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തുമെന്നുമുള്ള സര്‍ക്കാര്‍ പ്രഖ്യാപനവുമായി ബന്ധപ്പെടുത്തിയാണ് വീഡിയോ പ്രചരിക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന വിഡിയോ കേരളത്തില്‍ നിന്നുള്ളതല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
‘പുരോഗമനം ഞങ്ങള്‍ തുറക്കുന്നത് ബാറുകള്‍ അല്ല മദ്യനിര്‍മ്മാണശാലകള്‍ ആണ് എന്ന കാപ്ഷനോട് കൂടിയ ഫേസ്ബുക്ക് പോസ്റ്റില്‍ #no1_keralam #LDFGovernmetn’ എന്നീ ഹാഷ്ടാഗുകളാണുള്ളത്.
വൈറല്‍ വിഡിയോയില്‍ ബിയര്‍ കുടിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിന്നിലായി ഡാന്‍സിനായി വേഷം ധരിച്ച കുട്ടികള്‍ നടന്നുപോകുന്നത് കാണാം. ഇതില്‍ നിന്ന് കലോത്സവം പോലെ ഏതെങ്കിലും പരിപാടി നടക്കുന്ന അവസരത്തില്‍ പകര്‍ത്തിയ ദൃശ്യമായിരിക്കാം എന്ന സൂചന ലഭിച്ചു.
തുടര്‍ന്നുള്ള പരിശോധനയില്‍ 2019 ജൂലൈ 11ന് Truewud എന്ന ഫെയ്സ്ബുക് പേജില്‍ ഇതേ വിഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ഈ വിഡിയോയുടെ പശ്ചാത്തലത്തില്‍ പെണ്‍കുട്ടികളുടെ സംസാരം വ്യക്തമാണ്. ഇതില്‍ നിന്ന് തമിഴ് ഭാഷയാണ് പെണ്‍കുട്ടികള്‍ സംസാരിക്കുന്നതെന്ന് മനസിലാക്കാനായി.
തമിഴ് കീവേര്‍ഡ് സെര്‍ച്ച് ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ 2019 ഏപ്രില്‍ മൂന്നിന് തമിഴന്‍ മീഡിയ എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ സമാനമായ വിഡിയോ പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. ഈ വാര്‍ത്തയുടെ വിവരണത്തില്‍ പറയുന്നത് നെല്ലായിയിലെ ഒരു കോളജില്‍ നിന്നുള്ള സംഭവമെന്നാണ്.
വാര്‍ത്ത വിശദമായി പരിശോധിച്ചപ്പോള്‍ നെല്ലായി ദക്ഷിണ മാര നാടാര്‍ സംഘം കോളജിലെ വാര്‍ഷികാഘോഷത്തിനിടെയാണ് ഒരു സംഘം വിദ്യാര്‍ഥിനികള്‍ ബിയര്‍ കഴിച്ചതെന്ന് വ്യക്തമാക്കുന്നുണ്ട്. വിഡിയോയുടെ പൂര്‍ണരൂപം കാണാം.
തിരുനെല്‍വേലിയുടെ പഴയപേരാണ് നെല്ലായി. തിരുനെല്‍വേലി ദക്ഷിണ മാരാ നാടാര്‍ സംഘം (TDMNS) കോളജിനെപ്പറ്റിയാണ് റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. വിശദമായി പരിശോധിച്ചപ്പോള്‍ ഇതേ വിഡിയോ പോളിമര്‍ ന്യൂസ് എന്ന തമിഴ് മാധ്യമം 2019 മാര്‍ച്ച് 31ന് പങ്കുവച്ചിട്ടുള്ളതായി കണ്ടെത്തി. തിരുനെല്‍വേലിയിലെ സ്വകാര്യ കോളജില്‍ നിന്നുള്ള ദൃശ്യമാണെന്ന് വാര്‍ത്തയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
TDMNS കോളജില്‍ നിന്നുള്ളതാണെന്ന വിവരണത്തോടെ 2019ല്‍ ഈ വിഡിയോ പലരും ഫെയ്സ്ബുക്കില്‍ പങ്കുവച്ചതായും ഞങ്ങള്‍ കണ്ടെത്തി.
ലഭ്യമായ വിവരങ്ങളില്‍ നിന്ന് വൈറല്‍ വിഡിയോ കേരളത്തിലെ ഏതെങ്കിലും വിദ്യാലയത്തില്‍ നിന്നുള്ളതല്ലെന്നും തമിഴ്നാട്ടിലെ ഒരു കോളജ് വാര്‍ഷികത്തിനിടെ പകര്‍ത്തിയതാണെന്നും വ്യക്തമായി.


