കൊച്ചി: സെലക്ഷന്‍ ട്രയല്‍സ് തടസ്സപ്പെടുത്തിയതില്‍ ഇടതുപക്ഷ എം.എല്‍.എ പി.വി ശ്രീനിജിനെതിരേ കേരളാ ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബും ആരാധകരും രംഗത്തുവന്നുകൊണ്ടിരിക്കെ എം.എല്‍.എയെ പിന്തുണയ്ക്കാതെ സര്‍ക്കാരും സി.പി.എമ്മും. ശ്രീനിജിനെതിരേ ബ്ലാസ്റ്റേഴ്‌സ് ക്ലബ് നിയമനടപടി സ്വീകരിച്ചാല്‍ പൂര്‍ണപിന്തുണ നല്‍കാന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തീരുമാനം. കരാര്‍ ഒപ്പിട്ട സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പരാതിയില്ലെന്നിരിക്ക, അനാവശ്യമായി മൂന്നാമതൊരാള്‍ എന്തിന് ഇടപെടണമെന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ചോദിക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണത്തിന് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് തയാറായിട്ടില്ലെങ്കിലും നിയമവഴി സ്വീകരിക്കുന്നതുള്‍പ്പെടെ ക്ലബ് ആലോചിക്കുന്നുണ്ട്.
|
മുന്‍പും ബ്ലാസ്റ്റേഴ്‌സിന്റെ സെലക്ഷന്‍ ട്രയല്‍സ് ശ്രീനിജിന്‍ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഇന്നലെകൊച്ചി പനമ്പിള്ളി നഗര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ടീമിന്റെ അണ്ടര്‍ 17 സിലക്ഷന്‍ ട്രയല്‍സാണ് ശ്രീനിജിന്‍ എംഎല്‍എ തടസ്സപ്പെടുത്തിയത്. പനമ്പിള്ളി നഗര്‍ ഗവ.എച്ച്എസ്എസിന്റെ വളപ്പിലാണ് അക്കാദമിയുടെ ഗ്രൗണ്ട്. ഗ്രൗണ്ടിന്റെ ഗേറ്റ് എംഎല്‍എ പൂട്ടിയിട്ടതോടെ നാലു മണിക്കൂറിലേറെ വൈകിയാണ് സിലക്ഷന്‍ നടപടികള്‍ തുടങ്ങിയത്. സിപിഎമ്മിന്റെ കുന്നത്തുനാട് എംഎല്‍എയാണ് ശ്രീനിജിന്‍.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനു ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ ഒക്ടോബര്‍ മുതലുള്ള ഗ്രൗണ്ട് വാടക നല്‍കാനുള്ളതിനാലാണ് ഗേറ്റ് പൂട്ടിയിട്ടതെന്നാണു ശ്രീനിജിന്റെ വാദം. എന്നാല്‍, ബ്ലാസ്റ്റേഴ്‌സിന്റെ കരാര്‍ തങ്ങളുമായിട്ടാണെന്നും ഈ മാസം വരെയുള്ള വാടക കിട്ടിയെന്നും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു.ഷറഫലി പിന്നാലെ വ്യക്തമാക്കി. ഇതോടെ സംസ്ഥാന–ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ തമ്മിലുള്ള അധികാരത്തര്‍ക്കവും പുറത്തുവന്നു. ടി.പി ദാസന്‍ സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റായിരിക്കെ ഒപ്പിട്ടതാണ് പനമ്പള്ളി നഗറിലെ പരിശീലനവേദിയുടെ കാര്യത്തിലുള്ള ധാരണാപത്രം. പീന്നീട് മേഴ്‌സികുട്ടനും തുടര്‍ന്ന് യു.ഷറഫലിയും അധ്യക്ഷപദവിയിലെത്തിയപ്പോഴും കാരാര്‍ തുടരുകയാണ്. ഇക്കാര്യത്തില്‍ എംഎല്‍എ കൂടിയായ എറണാകുളം ജില്ലാ സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.വി.ശ്രീനിജന്റെ അനാവശ്യ ഇടപെടല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിനാകെ അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സെലക്ഷന്‍ ട്രയല്‍ തടസ്സപ്പെടുത്തിയതില്‍ ബ്ലാസ്റ്റേഴ്‌സ് നിയമനടപടി സ്വീകരിച്ചാല്‍ അതിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. ശ്രീനിജന്റെ പ്രവര്‍ത്തിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടമായ മഞ്ഞപ്പടയും അതൃപ്തിയിലാണ്.


