നിയമലംഘനങ്ങള്‍ ഇരട്ടിയായി; നോട്ടീസയക്കല്‍ നിര്‍ത്തി കെല്‍ട്രോണ്‍; കോടികള്‍ മുടക്കി സ്ഥാപിച്ച എ.ഐ കാമറകള്‍ വെറുതെയാകുന്നു
|
തിരുവനന്തപുരം: കേരളത്തില്‍ വലിയ വിവാദങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കും വഴിവച്ച എ.ഐ കാമറകള്‍ എല്ലാം വെറുതെയാകുന്നോ? കാരണം കാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴനോട്ടീസ് അയയ്ക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഒരുവര്‍ഷത്തേക്ക് 25 ലക്ഷം നോട്ടീസ് വിതരണംചെയ്യാനുള്ള കരാറാണ് കെല്‍ട്രോണിന് നല്‍കിയിരുന്നത്. എന്നാല്‍, നിയമലംഘനങ്ങള്‍ 50 ലക്ഷം പിന്നിട്ട പശ്ചാത്തലത്തിലാണ് നിര്‍ത്തിയത്. ഉപകരാറുകള്‍ വഴി വിവാദമായ എ.ഐ കാമറ പദ്ധതി ജൂണ്‍ 3 ആകുമ്പോള്‍ ഒരുവര്‍ഷം പിന്നിടാനിരിക്കെയാണ് പുതിയ റിപ്പോര്‍ട്ട്.
അച്ചടിയും തപാല്‍ക്കൂലിയും കവറും ഉള്‍പ്പെടെ ഒരു നോട്ടീസിന് 20 രൂപയാണ് പ്രതിഫലം. അധിക തുക ആവശ്യപ്പെട്ട് കെല്‍ട്രോണ്‍, മോട്ടോര്‍വാഹനവകുപ്പിന് കത്ത് നല്‍കിയിട്ടുണ്ട്. ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ഇചെലാന്‍ വഴി പിഴചുമത്തുമ്പോള്‍ വാഹന ഉടമയുടെ മൊബൈല്‍ നമ്പരില്‍ എസ്.എം.എസ് അയക്കും. എന്നാല്‍, പലരും ഇത് ശ്രദ്ധിക്കാറില്ല. മൊബൈല്‍ നമ്പര്‍ കൃത്യമല്ലെങ്കില്‍ നോട്ടീസിലൂടെയാണ് വിവരം അറിയുന്നത്. ഇതുള്‍പ്പെടെയുള്ള നിരവധി നടപടിക്രമങ്ങളും അധികൃതരെ വട്ടംചുറ്റിക്കുന്നുണ്ട്.
നോട്ടീസ് നിര്‍ത്തിവെച്ചത് പിഴ വഴിയുള്ള വരുമാനത്തെയും ബാധിച്ചതായാണ് വിവരം. ചുമത്തുന്ന പിഴയുടെ എട്ടുശതമാനം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. നോട്ടീസ് അയയ്ക്കുമ്പോള്‍ 30 ശതമാനംപേര്‍ പിഴ അടച്ചിരുന്നു. പിഴയടയ്ക്കാത്ത 15 ലക്ഷം വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തി മോട്ടോര്‍വാഹനവകുപ്പ് സേവനങ്ങള്‍ തടഞ്ഞിട്ടുണ്ട്. എന്തെങ്കിലും അപേക്ഷയുമായി മോട്ടോര്‍വാഹനവകുപ്പിനെ സമീപിക്കുമ്പോള്‍മാത്രമാണ് ഈ വാഹനങ്ങളില്‍നിന്ന് പിഴത്തുക ഈടാക്കുന്നത്.
ഇതുവരെ 300 കോടി രൂപയുടെ പിഴയാണ് ചുമത്തിയത്. ഇതില്‍ 64 കോടിയാണ് ഇതുവരെ അടച്ചത്. ക്യാമറകള്‍ക്കും കണ്‍ട്രോള്‍ റൂമുകള്‍ക്കുമായി കെല്‍ട്രോണ്‍ 165 കോടി രൂപയാണ് ചെലവിട്ടത്.
Ketlron stopped issuing notice for AI camera ffic violation





