‘ഹിജാബില്ലാതെ ഹിന്ദു സ്ത്രീകള്‍ക്ക് ബസ്സില്‍ കേറാനാകുന്നില്ല’; കേരളത്തിനെതിരെ ട്വിറ്ററില്‍ വിദ്വേഷ പ്രചാരണവുമായി അനില്‍ ആന്റണി
|
കൊച്ചി: ഹിജാബില്ലാതെ ഹിന്ദു സ്ത്രീകള്‍ക്ക് ബസ്സില്‍ കേറാന്‍ കഴിയാത്ത സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് പറഞ്ഞ് കേരളത്തിനെതിരെ ട്വിറ്ററില്‍ വിദ്വേഷ പ്രചാരണവുമായി ബിജെപി ദേശീയ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനുമായ അനില്‍ കെ. ആന്റണി. കാസര്‍കോഡ് ഹിജാബ് ധരിച്ച വിദ്യാര്‍ഥിനികള്‍ ബസ്സില്‍ ബഹളം ഉണ്ടാക്കുന്ന വീഡിയോ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയാണ് അനില്‍ ആന്റണിയുടെ വിദ്വേഷ പ്രചാരണം.
സ്വകാര്യ ബസ്സിലെ യാത്രയ്ക്കിടയില്‍ മുസ്ലിം പെണ്‍കുട്ടികളും മധ്യവയസ്‌കയായ അമുസ്ലിം സ്ത്രീയും തമ്മില്‍ നടക്കുന്ന തര്‍ക്കം സംബന്ധിച്ച വീഡിയോ വര്‍ഗീയ മാനങ്ങളോടെ ദേശീയതലത്തില്‍ സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഇത് പങ്കുവച്ചാണ് അനില്‍ ആന്റണി വിദ്വേഷ പ്രചാരണത്തില്‍ ഭാഗവാക്കായത്. മുസ്ലിം അല്ലാത്തതിനാല്‍ മുതിര്‍ന്ന സ്ത്രീയെ ബസില്‍ നിന്നും ഇറക്കി വിടാനാണ് പര്‍ദ്ദ ധരിച്ച കുട്ടികള്‍ ശ്രമിക്കുന്നത് എന്ന അവകാശവാദത്തോടെയാണ് ഇത് പ്രചരിക്കുന്നത്. ‘ഇന്‍ഡ്യ’ മുന്നണിയില്‍പ്പെട്ട സി.പി.എമ്മും കോണ്‍ഗ്രസും ഭരിക്കുന്ന കേരളത്തിലെ ഈ അവസ്ഥ ദേശീയതലത്തിലും കൊണ്ടുവരാനാണ് അവര്‍ ആഗ്രഹിക്കുന്നത്.’ എന്നിങ്ങനെയാണ് അനില്‍ ട്വീറ്റ്‌ചെയ്തത്.
മുസ്‌ലിം മതാചാരപ്രകാരമുള്ള വസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ കേരളത്തില്‍ ബസില്‍ ഒരു ഹിന്ദു സ്ത്രീയെ അപമാനിക്കുന്നുവെന്നാണ് വ്യാജപ്രചാരണം. മുസ്‌ലിം വിരുദ്ധ പോസ്റ്റുകള്‍ തുടര്‍ച്ചയായി സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഒരു എക്‌സ് അക്കൌണ്ടാണ് പ്രചാരണം തുടങ്ങിയത്. ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണിയും ആ പ്രചാരണം ഏറ്റുപിടിച്ചു.
സംഭവത്തിന്റെ വസ്തുത പലരും ചൂണ്ടിക്കാട്ടിയപ്പോള്‍, അനില്‍ തന്റെ ട്വീറ്റ് മുക്കി. എന്നാല്‍ വ്യാജ പ്രചാരണമാണെന്നറിയാതെ ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത അക്കൗണ്ടില്‍നിന്ന് ആയിരങ്ങളാണ് ഇപ്പോഴും വിഡിയോ പ്രചരിപ്പിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറമിലെ ബിജെപിയുടെ ഇലക്ഷന്‍ ചുമതലയുള്ള നേതാവ് കൂടിയായ അനില്‍, അടുത്തിടെയാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





