Khalida Zia passed away ധാക്ക: മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി (ബി.എന്‍.പി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. ദീര്‍ഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം ആറുമണിക്ക് ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയിലായിരുന്നു അന്ത്യം.
|
ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന നിലയില്‍ രാജ്യത്തെ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്നു ഖാലിദ സിയ.
1991ലായിരുന്നു ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. ആദ്യ ടേമില്‍ 1996 വരെ പദവിയിലിരുന്നു.
2001 മുതല്‍ 2006 വരെ വീണ്ടും പ്രധാനമന്ത്രി പദവിയിലെത്തി. തുടര്‍ന്ന് അഴിമതി കേസില്‍ കുരുക്കിലായതോടെ 2018ല്‍ ശിക്ഷിക്കപ്പെട്ടു.
വിദ്യാര്‍ഥി യുവനജ പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരം നഷ്ട?പ്പെട്ട് രാജ്യം വിട്ട മുന്‍പ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാഷ്ട്രീയ എതിരാളി കൂടിയാണ് കഴിഞ്ഞ നാല് പതിറ്റാണ്ടുകാലം ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായ ഖാലിദ സിയ. അസുഖ ബാധിതയായതോടെ ചികിത്സക്കായി വിദേശത്ത് പോകുന്നതിനും ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തി.
1959ലാണ് മുന്‍ പ്രധാനമന്ത്രിയും ബി.എന്‍.പി സ്ഥാപകനുമായ സിയാവുര്‍ റഹ്‌മാന്റെ ഭാര്യയായി ജീവിതത്തിലേക്ക് കടന്നുവരുന്നത്. 1945ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ പശ്ചിമ ബംഗാളിലായിരുന്നു ജനനം. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു പിന്നാലെ കുടുംബം ബംഗ്ലാദേശിലെ ദിനാജ്പൂരിലേക്ക് കുടിയേറുകയായിരുന്നു.
14ാം വയസ്സില്‍ സിയാവുര്‍റഹ്‌മാനെ വിവാഹം കഴിച്ചതോടെയാണ് സാധാരണ കുടുംബത്തില്‍ നിന്നുള്ള ഖാലിദ സിയയുടെ പൊതു ജീവിതത്തിന് തുടക്കം കുറിക്കുന്നത്. വിവാഹം കഴിക്കുമ്പോള്‍ പാകിസ്താന്‍ സേനയില്‍ ക്യാപ്റ്റനായിരുന്ന സിയാവുര്‍റഹ്‌മാന്‍, 1965ലെ ഇന്ത്യ-പാക് യുദ്ധത്തിലും പങ്കെടുത്തിരുന്നു.
പിന്നീട്, ബംഗ്ലാദേശ് സ്വാതന്ത്ര്യ പോരാട്ടിത്തില്‍ മുന്നണിപോരാളിയായി മാറിയ സിയ 1978ല്‍ ലഫ്റ്റനന്റ് ജനറല്‍ പദവിയിലിരിക്കെ സൈന്യത്തില്‍ നിന്നും പടിയിറങ്ങി. അതിനും ഒരു വര്‍ഷം മുമ്പേ 1977ല്‍ ബംഗ്ലാദേശിന്റെ ആറാമത്തെ പ്രസിഡന്റായി സ്ഥാനമേറ്റിരുന്നു.
തുടര്‍ന്ന്, അതേവര്‍ഷം സെപ്റ്റംബറില്‍ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടി രൂപവല്‍കരിച്ചു. 1981ല്‍ സിയ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഖാലിദ സിയ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിയുടെ ഭാഗമാവുന്നത്. 1983ല്‍ വൈസ് ചെയര്‍മാനും, അടുത്തവര്‍ഷം പാര്‍ട്ടിയുടെ അധ്യക്ഷ പദവിയിലുമെത്തി.
രണ്ട് വനിതകളുടെ പോരാട്ടം
അവാമി ലീഗ് സ്ഥാപകനും ബംഗ്ലാദേശ് പ്രഥമ പ്രസിഡന്റുമായ ശൈഖ് മുജീബുര്‍റഹ്‌മാനും കുടുംബവും സൈനിക അട്ടിമറിയില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്ത്യയില്‍ രാഷ്ട്രീയ അഭയം തേടിയ ശൈഖ് ഹസീന സിയാവുര്‍റഹ്‌മാന്‍ വധത്തിനു പിന്നാലെയാണ് ബംഗ്ലാദേശില്‍ തിരികെയെത്തുന്നത്. ഉടന്‍ അവാമി ലീഗ് അധ്യക്ഷയായി ശൈഖ് ഹസീനയും സ്ഥാനമേറ്റു. ശേഷം, ബംഗ്ലാദേശ് രാഷ്ട്രീയം രണ്ട് വനിതകളെ കേന്ദ്രീകരിച്ചായി മാറി. സൈനിക ഭരണത്തിലായിരുന്ന രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കാന്‍ ഇരു നേതാക്കളും കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നതിനും ചരിത്രം സാക്ഷ്യം വഹിച്ചു.
1991ല്‍ ഖാലിദ സിയയുടെ നേതൃത്വത്തില്‍ ബി.എന്‍.പി അധികാരത്തിലെത്തിയപ്പോള്‍ അവര്‍ രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. 1996 ഫെബ്രുവരി വരെ ആദ്യ ഘട്ടം തുടര്‍ന്നു. 1996ലെ പൊതുതെരഞ്ഞെടുപ്പില്‍ രണ്ടാമതും പ്രധാനമന്ത്രിയായെങ്കിലും ഏതാനും ആഴ്ചകള്‍ മാത്രമേ നീണ്ടു നിന്നുള്ളൂ. 2001 ഒക്ടോബര്‍ മുതല്‍ 2006 വരെ മൂന്നാം തവണയും ബംഗ്ലാദേശ് പ്രധാനമന്ത്രിയായി.
രാഷ്ട്രീയ ബദ്ധവൈരിയായ ശൈഖ് ഹസീന സ്ഥാനഭ്രഷ്ടയായി രാജ്യം വിടുകയും, ബംഗ്ലാദേശ് വിദ്യാര്‍ത്ഥി-യുവജന പ്രക്ഷോഭത്തില്‍ കലങ്ങി മറിയുന്നതിനിടെയാണ് ആധുനിക ബംഗ്ലാദേശിന്റെ ശില്‍പികളില്‍ ഒരാളായ ഖാലിദ സിയയുടെ മരണം.
2018ല്‍ അഴിമതി കേസില്‍ 17 വര്‍ഷം ശിക്ഷിക്കപ്പെട്ട ഖാലിദ വര്‍ഷങ്ങളായി വീട്ടു തടങ്കലിലായിരുന്നു. ശൈഖ് ഹസീന ഭരണകൂടത്തിന്റെ പതനത്തോടെ കഴിഞ്ഞ ആഗസ്റ്റില്‍ മോചിതയാവുകയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് മകനും ബി.എന്‍.പി ആക്ടിങ് ചെയര്‍മാനുമായ താരിഖ് റഹ്‌മാന്‍ ലണ്ടനില്‍ നിന്നും ധാക്കയില്‍ തിരികെയെത്തിയത്. അടുത്തവര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ താരിഖ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രംഗത്തുവരുമെന്നാണ് റിപ്പോര്‍ട്ട്.


