27
Aug 2024
Tue
27 Aug 2024 Tue
samabath meena seema pahuja

കൊല്‍ക്കത്ത: പിജി ഡോക്ടറെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ മലമുറുക്കി സിബിഐ.(Kolkata rape-murder: Officers investigating Hathras Unnao cases to West Bengal)  വനിതാ ഉദ്യോഗസ്ഥരായ സമ്പത് മീണ, സീമ പഹുജ എന്നിവരാകും സംഭവം അന്വേഷിക്കുന്ന സിബിഐ ടീമിനെ നയിക്കുക.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഏറെ വിവാദമായ ഹാഥ്‌റസ്, ഉന്നാവോ പീഡനക്കേസുകള്‍ അന്വേഷിച്ച ഉദ്യോഗസ്ഥയാണ് സമ്പത് മീണ. ഇവര്‍ക്കാണ് ടീമിനെ നയിക്കാനും അന്വേഷണം ഏകോപിപ്പിക്കാനുമുള്ള ചുമതല. ഗ്രൗണ്ട് ലെവല്‍ അന്വേഷണത്തിന്റെ ചുമതല ഏറ്റെടുക്കുക സീമ പഹുജയായിരിക്കും. 2017ലെ ഹിമാചല്‍ ‘ഗുഡിയ’ പീഡനക്കേസ് അടക്കം നിരവധി കേസുകള്‍ അതിസമര്‍ത്ഥമായി തെളിയിച്ച പഹുജ അന്വേഷണമികവിന് രണ്ട് തവണ സ്വര്‍ണ മെഡല്‍ നേടിയ ഉദ്യോഗസ്ഥ കൂടിയാണ്.

അതേസമയം, ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇന്ന് ആദ്യം പരിഗണിക്കുന്നവയില്‍ ഹരജി ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ALSO READ: മമത സര്‍ക്കാരിനെ പിരിച്ചുവിടുമോ? പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഇന്ന് അമിത് ഷായെ കാണും

ഇന്ന് രാവിലെ 10.30 നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് കേസില്‍ വാദം കേള്‍ക്കുന്നത്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലണ് കോടതിയുടെ ഇടപെടല്‍. നേരത്തെ കല്‍ക്കട്ട ഹൈക്കോടതി കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടിരുന്നു.

ഡോക്ടര്‍മാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ്സ് ഓഫ് ഇന്ത്യ (FAMCI), ഫെഡറേഷന്‍ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ (ഫോര്‍ഡ), അഭിഭാഷകന്‍ വിശാല്‍ തിവാരി എന്നിവരും കേസില്‍ ഇടക്കാല അപേക്ഷകള്‍ നല്‍കി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു.

ആശുപത്രിക്കുള്ളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനകള്‍ ഹരജിയില്‍ ആവശ്യപ്പെടുന്നത്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ രാജ്യത്തുടനീളമുള്ള മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വിഷയത്തില്‍ സുപ്രീം കോടതി മുന്‍ ജസ്റ്റിസിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാരുടെ സുരക്ഷക്കായി പ്രത്യേക മൊഡ്യൂള്‍ രൂപവത്ക്കരണം, സിസിടിവി ക്യാമറകള്‍ സ്ഥാപിക്കല്‍, അതിക്രമങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രത്യേക പരിഗണന വേണം എന്നതടക്കമുള്ള കാര്യങ്ങളാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.