കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബിനു അടിമാലി ആശുപത്രി വിട്ടു. യാതൊരു വിധ കുഴപ്പമങ്ങളുമില്ലെന്നും പ്രാര്‍ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. ”എല്ലാവരും നന്നായി സപ്പോര്‍ട്ട് ചെയ്തു, എനിക്ക് വേണ്ടി പ്രാര്‍ഥിച്ചു. കുഴപ്പങ്ങളൊന്നുമില്ല. ഞാന്‍ ഇപ്പോള്‍ നടന്നല്ലേ കാറില്‍ കയറിയത്,” എന്നായിരുന്നു ബിനു അടിമാലി പ്രതികരിച്ചത്.
|
വടകരയിലെ പരിപാടി കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോവുന്നതിനിടയിലായിരുന്നു മിമിക്രി കലാകാരന്മാരായ കൊല്ലം സുധി, ബിനു അടിമാലി, മഹേഷ് കുഞ്ഞുമോന്‍ തുടങ്ങിയ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കൊല്ലം സുധി മരണപ്പെട്ടിരുന്നു.
ജൂണ്‍ അഞ്ചിനു പുലര്‍ച്ചെ നാലരയോടെ ദേശീയപാത 66 ലെ പനമ്പിക്കുന്നില്‍ കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും അടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും പിക്കപ് വാനും കൂട്ടിയിടിച്ച് അപകടമുണ്ടാകുകയായിരുന്നു. സ്റ്റേജ്‌ഷോയ്ക്കു ശേഷം വടകരയില്‍നിന്ന് എറണാകുളത്തേക്കു മടങ്ങുകയായിരുന്നു താരങ്ങള്‍. തലയ്ക്കു പരുക്കേറ്റ സുധിയെ പെട്ടെന്നുതന്നെ കൊടുങ്ങല്ലൂരിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മഹേഷ് കുഞ്ഞുമോന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചു വരുന്നു. ബിനു അടിമാലിയൊപ്പം ഉല്ലാസ് അരൂരും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്.


