കോതമംഗലത്ത് ടി.ടി.സി വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത കേസിലെ പ്രതി റമീസിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍. ഒളിവില്‍ പോയ പിതാവ് റെഹീം, മാതാവ് ശെരീഫ എന്നിവരെ തമിഴ്‌നാട്ടിലെ സേലത്ത് നിന്നാണ് പിടികൂടിയത്.
|
ഇന്ന് തന്നെ ഇവരെ കോതമംഗലത്ത് എത്തിക്കും. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.
വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ കുറിപ്പില്‍ റമീസിന്റെ മാതാപിതാക്കളെക്കുറിച്ച് പരാമര്‍ശിച്ചിരുന്നു. വിദ്യാര്‍ഥിനിയുടെ കുടുംബം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തത്.
പ്രതിക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം, ശാരീരിക ഉപദ്രവം, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ റമീസ് വാക്കുമാറിയെന്നും പോയി മരിക്കാന്‍ പറഞ്ഞെന്നും ഗവ.ടി.ടി.ഐയിലെ വിദ്യാര്‍ഥിനിയായിരുന്ന പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. റമീസും കുടുംബവും തന്നെ മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും മര്‍ദിച്ചിരുന്നുവെന്നും കുറിപ്പിലുണ്ടായിരുന്നു.


