കോഴിക്കോട് തടമ്പാട്ടുതാഴത്ത് സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സഹോദരന്‍ പ്രമോദിന്റെ മൃതദേഹം തലശ്ശേരി കുയ്യാലി ബീച്ചില്‍ കണ്ടെത്തി. ബന്ധുക്കളെത്തി തിരിച്ചറിഞ്ഞാല്‍ മാത്രമേ ഇത് പ്രമോദാണെന്ന് സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു. മൃതദേഹം തലശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
|
കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് മൂഴിക്കല്‍ സ്വദേശികളായ ശ്രീജയെയും സഹോദരി പുഷ്പലളിതയെയും വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
സഹോദരി ശ്രീജ മരിച്ചെന്ന് ബന്ധുക്കളെ ഫോണ്‍ വിളിച്ച് അറിയിച്ചത് ഇവരോടൊപ്പം താമസിച്ചിരുന്ന പ്രമോദായിരുന്നു. എന്നാല്‍, അതിന് ശേഷം പ്രമോദിനെ കാണാതായി. ഇതേത്തുടര്‍ന്നാണ് പ്രമോദാണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. തുടര്‍ന്ന്, ഇയാള്‍ക്കായി വ്യാപകമായ തിരച്ചില്‍ ആരംഭിക്കുകയും ചെയ്തു.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രമോദ് വീട്ടില്‍നിന്ന് നടന്നുപോകുന്ന ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിരുന്നു. ഇതിനിടയിലാണ് ഇയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം തലശ്ശേരി ബീച്ചില്‍ അടിഞ്ഞത്.
സഹോദരിമാരില്‍ ഒരാളായ ശ്രീജ കിടപ്പുരോഗിയായിരുന്നു. ഇത് പ്രമോദിനെ മാനസികമായി തളര്‍ത്തിയിരുന്നെന്ന് അടുത്ത ബന്ധുക്കളും നാട്ടുകാരും പറയുന്നു.


