കോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്ത് മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്യപ്പെട്ട ആദിവാസി യുവാവ് വിശ്വനാഥൻ ആത്മഹത്യ ചെയ്ത കേസിൽ എസ്.സി/ എസ്.ടി കമ്മിഷന് ഇന്ന് പോലീസ് റിപ്പോർട്ട് സമർപ്പിക്കും. ഇന്ന് റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് നടക്കുന്ന പരാതി പരിഹാര അദാലത്തിലാണ് റിപ്പോർട്ട് നൽകുക. കമ്മീഷൻ ചെയർമാൻ ബി എസ് മാവോജി വിശ്വനാഥന്റെ വീടും സന്ദർശിക്കും. കേസിൽ പൊലീസ് അന്വേഷണവും തുടരുകയാണ്.
|
സംഭവം കൊലപാതകമെന്ന് കുടുംബം ആരോപിച്ചിരുന്നു. സമഗ്രമായ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് എടുത്തു. ആൾക്കൂട്ട മർദ്ദനം നടന്നതിന് പ്രാഥമിക തെളിവുകൾ ഇല്ലെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ വിശ്വനാഥന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
അതേസമയം, മെഡിക്കൽ കോളജിന് മുന്നിൽ വച്ച് ആളുകൾ വിശ്വനാഥനെ ചോദ്യം ചെയ്തത് കണ്ടിരുന്നതായി ദൃക്‌സാക്ഷികൾ വ്യക്തമാക്കി. ഇതിന് ശേഷമാണ് വിശ്വനാഥൻ ആശുപത്രിയിൽ നിന്ന് പുറത്തേക്കോടിയതെന്നും സംഭവ ദിവസം ആശുപത്രിക്ക് പുറത്തുണ്ടായിരുന്ന കൂട്ടിരിപ്പുകാർ പറഞ്ഞു. വിശ്വനാഥന് ചുറ്റും ആളുകൾ കൂടി നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ദൃശ്യങ്ങളിലുളള ആളുകളെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ബുധനാഴ്ചയാണ് വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പണവും മൊബൈൽ ഫോണും അടക്കം മോഷ്ടിച്ചു എന്ന് ആരോപിച്ച് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ വിശ്വനാഥനെ ചോദ്യം ചെയ്തിരുന്നു. ഇല്ലാത്ത കുറ്റം ആരോപിച്ചതിൽ വിശ്വനാഥന് ദേഷ്യവും സങ്കടവും ഉണ്ടായിരുന്നുവെന്നും അതിനുശേഷമാണ് ആശുപത്രിയിൽ നിന്ന് കാണാതെ ആയതെന്നും വിശ്വനാഥന്റെ ഭാര്യ മാതാവ് ലീല പറയുന്നു. ഭാര്യയുടെ പ്രസവത്തിനായാണ് വിശ്വനാഥൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്.



