28
Sep 2023
Wed
28 Sep 2023 Wed

കോഴിക്കോട്: കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കി കോഴിക്കോട് കലക്ടര്‍. വവ്വാലുകളെ ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിക്കുകയോ വവ്വാലുകളുള്ള മരങ്ങള്‍ വെട്ടിമാറ്റുകയോ ചെയ്യരുതെന്ന് നിര്‍ദേശം നല്‍കി. അങ്ങനെ ചെയ്യുമ്പോള്‍ സ്രവ വിസര്‍ജ്യങ്ങള്‍ വര്‍ദ്ധിക്കുകയും അതിലൂടെ കൂടുതല്‍ വൈറസുകളെ പുറന്തള്ളുകയും ചെയ്യുന്നതിനുള്ള സാധ്യത കൂടുതലാണ്.വവ്വാലോ മറ്റു ജീവികളോ കടിച്ചതോ കൊത്തിയതോ ആയ പഴങ്ങള്‍ കഴിക്കരുത്, പഴങ്ങള്‍ ശുചിയാക്കിയ ശേഷം മാത്രം കഴിക്കുക തുടങ്ങിയവയാണ് മറ്റ് ജാഗ്രത നിര്‍ദേശങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിപ ജാഗ്രത നിര്‍ദേശങ്ങള്‍

വവ്വാലുകളുടെ കോളനികളുള്ള പ്രദേശങ്ങളില്‍ പോകരുത്.
വവ്വാലുകള്‍ കടിച്ചതോ അവയുടെ വിസര്‍ജ്ജ്യം കലര്‍ന്നതോ ആയ പഴങ്ങള്‍ ഭക്ഷിക്കുകയോ വളര്‍ത്ത് മൃഗങ്ങള്‍ക്ക് നല്‍കുകയോ ചെയ്യരുത്.
വവ്വാലുകളുടെ സാന്നിധ്യമുള്ള മരങ്ങള്‍ക്ക് കീഴില്‍ വളര്‍ത്തു മൃഗങ്ങളെ മേയാന്‍ വിടരുത്.
വീട്ടുവളപ്പിലെ പഴങ്ങള്‍ ശുചിയാക്കിയ ശേഷം മാത്രം കഴിക്കുക.
പഴങ്ങളില്‍ വവ്വാലോ മറ്റുജീവികളോ കടിച്ചതോ കൊത്തിയതോ ആയ പാടുകളില്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം കഴിക്കുക.
പഴങ്ങള്‍ ശുചിയാക്കുമ്പോള്‍ സോപ്പ് വെള്ളത്തില്‍ 10-15 മിനുട്ട് മുക്കി വെക്കുക, തുടര്‍ന്ന് ശുദ്ധ ജലത്തില്‍ കഴുകി ഉപയോഗിക്കാവുന്നതാണ്.
പുറം തൊലിയുള്ള പഴങ്ങള്‍ തൊലിനീക്കം ചെയ്ത് കഴിക്കുക.
റമ്പൂട്ടാന്‍ പോലെ പുറത്ത് നാരുകളുള്ള പഴങ്ങളുടെ തൊലി വായ് കൊണ്ട് കടിച്ച് നീക്കം ചെയ്യരുത്.