കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ മാതൃസഹോദരിയുടെ മകള്‍ നസ്രീനയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൊബൈല്‍ ഫോണുകള്‍ കിണറ്റില്‍ ഉപേക്ഷിച്ചത് പ്രതിയായ അദ്നാന്‍ തന്നെയെന്ന് പൊലിസ്. സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങളും ശബ്ദരേഖകളും പരിശോധിച്ചതിലൂടെയാണ് പൊലിസിന് ഈ നിര്‍ണ്ണായക തെളിവ് ലഭിച്ചത്.
|
കൊലപാതകത്തിന് ശേഷം അദ്നാന്‍ വീടിന്റെ അടുക്കളവാതില്‍ വഴി പുറത്തിറങ്ങി ഫോണുകള്‍ കിണറ്റിലേക്ക് എറിയുകയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ് എന്ന് പൊലിസ് അറിയിച്ചു. അടുക്കളവാതിലിന്റെ താക്കോല്‍ വെക്കുന്ന സ്ഥലം കൃത്യമായി അറിയാമായിരുന്ന അദ്നാന്‍, അത് ഉപയോഗിച്ച് വാതില്‍ തുറക്കുന്ന ശബ്ദവും സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.
മൊബൈല്‍ ഫോണുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ കൊല്ലപ്പെട്ട നസ്രീനയുടെ ബന്ധുക്കളാണെന്ന സംശയം പൊലീസിനുണ്ടായിരുന്നു. അടുത്ത ബന്ധുക്കളെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. സ്വഭാവദൂഷ്യത്തെച്ചൊല്ലി അദിനാന് മര്‍ദനമേറ്റിരുന്നതായി ബന്ധുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പുലര്‍ച്ചെ വന്ന ഫോണ്‍വിളി
പുലര്‍ച്ചെ അഞ്ചുമണിയോടെ വീട്ടില്‍ കള്ളന്‍ കയറിയെന്ന സംശയത്തില്‍ നസ്രീനയുടെ വല്യുമ്മ സഫിയ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചിരുന്നു. ഈ സമയം നസ്രീനയുടെ ഫോണ്‍ അദ്നാന്റെ കൈവശമായിരുന്നു. പിന്നാലെ ഉമ്മ റംസീനയും വിളിച്ചതോടെ പരിഭ്രാന്തനായ അദ്നാന്‍, ഫോണുകള്‍ കിണറ്റിലെറിഞ്ഞ് തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനുശേഷമാണ് അദ്നാന്‍ മറ്റൊരു മുറിയില്‍ കയറി ജീവനൊടുക്കിയത്.
ഏപ്രില്‍ 14-നാണ് പത്താംക്ലാസുകാരിയായ നസ്രീനയെ അദ്നാന്‍ കിടപ്പുമുറിയില്‍ അതിക്രമിച്ച് കയറി ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. മൂക്കും വായയും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചായിരുന്നു ക്രൂരകൃത്യം. തുടര്‍ന്ന് അദ്നാന്‍ മൂക്കിലും വായിലും സെല്ലോ ടേപ്പ് ചുറ്റി മറ്റൊരു മുറിയില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
നാടിനെ ഞെട്ടിച്ച കൊലപാതകവും ആത്മഹത്യയും
ഏപ്രില്‍ 14-ന് പുലര്‍ച്ചെ ഒന്നിനും നാലരയ്ക്കും ഇടയില്‍ ഈസ്റ്റ് മൂഴിക്കല്‍ പൂതംകുഴിമീത്തല്‍ വീടിന്റെ മുകള്‍നിലയിലെ രണ്ടു മുറികളിലായി സഹോദരിമാരുടെ മക്കളായ നസ്രീന (16)യും അദിനാനും മരിച്ചുവെന്നതാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ഇതില്‍ നസ്രീനയെ ശ്വാസംമുട്ടിച്ച് കൊന്നശേഷം അടുത്തമുറിയില്‍ പാക്കിങ് ടേപ്പ് സ്വന്തമായി മൂക്കും വായും ഉള്‍പ്പെടെ മുഖത്ത് വരിഞ്ഞൊട്ടിച്ചെന്നതാണ് കണ്ടെത്തല്‍.
ഇവരുടെ മൊബൈല്‍ ഫോണ്‍ ഈ മുറികളിലും വീട്ടിലും കാണാഞ്ഞതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് പിറ്റേന്ന് ഇതേ വീടിന്റെ കിണറ്റില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൂന്ന് ഫോണുകള്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട നസ്രീന, നസ്രീനയുടെ വീട്ടിലെ പൊതുവായി ഉപയോഗിക്കുന്ന ഫോണ്‍, അദിനാന്റെ ഫോണ്‍ എന്നിവയാണ് കിണറ്റില്‍നിന്ന് അഗ്‌നിരക്ഷാസേനാംഗങ്ങള്‍ കണ്ടെടുത്തത്.
ഇതില്‍ നസ്രീന ഉപയോഗിച്ചിരുന്ന ഫോണില്‍നിന്നാണ് നല്ലളത്തെ ബൈക്ക് വാടകയ്ക്ക് നല്‍കുന്ന ഒരു യുവാവിന്റെ ഫോണിലേക്ക് സന്ദേശം പോയത്.
സന്ദേശമയച്ചത് എന്തിന്?
അദിനനാനെ അറിയുമോ എന്ന ചോദ്യത്തോടെയാണ് ആശയവിനിമയം തുടങ്ങുന്നത്. അറിയാം എന്ന് മറുപടി വന്നപ്പോള്‍ അദിനാന്‍ പണംതരാന്‍ ഇല്ലേ? എന്നതായി ചോദ്യം. ഉണ്ട് എന്ന് മറുപടി വന്നപ്പോള്‍ ആ പണം ഇനി കിട്ടില്ല, അദിനാന്‍ മരിച്ചു എന്നും സന്ദേശംപോയി. എന്തു പറ്റി, എങ്ങനെയാണ് മരിച്ചത്, എന്താ സംഭവം എന്നൊക്കെ അപ്പോള്‍ ചോദ്യങ്ങള്‍ വന്നപ്പോള്‍ അത് വ്യക്തിപരമായ കാരണം കൊണ്ടാണെന്നും കുടുംബപ്രശ്‌നം ആണെന്നും മെസേജ് വന്നതായി പോലീസ് കണ്ടെത്തി. ഇതിനിടെ ബൈക്ക് വാടകയ്ക്ക് നല്‍കിയ യുവാവ് സന്ദേശം വന്ന നമ്പറിലേക്ക് വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്ന് യുവാവ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഈ സന്ദേശങ്ങള്‍ നസ്രീനയല്ല അയച്ചതെന്നാണ് പോലീസിന്റെ നിഗമനം. അതിലെ ഭാഷ അദിനാന്റേതിന് സാമ്യംഉണ്ടെന്നും അത് നസ്രീന മരിച്ചശേഷം അദിനാന്‍ അയച്ചതാകാമെന്നും പോലീസ് കരുതുന്നുണ്ട്. ഇതില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്.
ബൈക്ക് അദിനാന്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നല്ലളത്തെ ഒരു യുവാവിന്റെ പക്കല്‍നിന്ന് വാടകയ്ക് എടുത്തിരുന്നെന്നും അത് തിരിച്ച് നല്‍കിയിട്ടുണ്ടെന്നും പോലീസ് സ്ഥിരീകരിച്ചു. എന്നാല്‍, ആ വാഹനത്തിന് കേടുപാട് ഉണ്ടാക്കിയ ഇനത്തില്‍ 600 രൂപ നല്‍കാന്‍ ഉണ്ട്. അതിന് ജാമ്യമെന്നോണം അദിനാന്‍ ഉമ്മയുടെ ഫോണും തന്റെ ലൈസന്‍സും അവിടെ ഏല്‍പ്പിച്ചിട്ടുമുണ്ട്. ഇവ രണ്ടും ആ യുവാവ് പിതാവിനൊപ്പം വെള്ളിയാഴ്ച പോലീസ് സ്റ്റേഷനിലെത്തി കൈമാറി. നസ്രീനയുടെ മൊബൈലില്‍നിന്ന് വന്ന സന്ദേശങ്ങളും ഇവര്‍ പോലീസിന് കൈമാറി.
പ്രതികാര കൊല
കൊല്ലപ്പെട്ട നസ്രീന ഈസ്റ്റ് മൂഴിക്കല്‍ പൂതംകുഴിമീത്തല്‍ വീട്ടില്‍ റംസീനയുടെയും നിസാറിന്റെയും മൂത്തമകളാണ്. നല്ലളം മാവത്തിനിലം കെ.പി. ഹൗസില്‍ അഷ്റഫിന്റെയും റംസീനയുടെ സഹോദരി ഹസീനയുടെയും മകനാണ് അദിനാന്‍. നസ്രീനയുടെ വീട്ടില്‍ പഠിക്കാന്‍ കൊണ്ടുവന്ന് നിര്‍ത്തിയപ്പോള്‍ അദിനാന്‍ പണം കട്ടെടുത്ത് ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നസ്രീന വീട്ടുകാരെ അറിയിച്ചതിലുള്ള വ്യക്തിവിരോധമാണ് കൊലയ്ക്കുകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.


