കൽപ്പറ്റ: ആസന്നമായ പാർലമെന്റ് തെരഞ്ഞെടുപ്പിന് പാർട്ടിയെ സജ്ജമാക്കാനുള്ള കോൺഗ്രസിന്റെ ലീഡേഴ്‌സ് മീറ്റ് ഇന്ന് വയനാട്ടിൽ. രണ്ടുദിവസം ചേരുന്ന യോഗത്തിൽ കെപിസിസി ഭാരവാഹികളും രാഷ്ട്രീയകാര്യ സമിതി അംഗങ്ങളും ഡിസിസി അധ്യക്ഷന്മാരുമാണ് പങ്കെടുക്കുന്നത്. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും.
|
നിലവിലെ രാഷ്ട്രീയ സംഘടനാ വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകളാണ് അജണ്ടയിൽ ഉള്ളത്. കോഴിക്കോട് നടന്ന ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ പലതും നടപ്പായില്ലെന്ന വിമർശനം പാർട്ടിക്കുള്ളിൽ ഉയരുന്ന പശ്ചാത്തലത്തിലാണ് രണ്ടാം ചിന്തൻ ശിബിരത്തിന് സമാനമായ ലീഡേഴ്‌സ് മീറ്റ് നടക്കുന്നത്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യം കോൺഗ്രസിന് ഏറെ അനുകൂലമായതിനാൽ അതിനെ പരമാവധി ഉപയോഗിച്ച് ജനങ്ങളിലേക്ക് കൂടുതൽ ആഴത്തിലും പരപ്പിലും എത്തുന്നതിനുള്ള തന്ത്രങ്ങൾ ലീഡേഴ്‌സ് മീറ്റിൽ ആവിഷ്‌കരിക്കും.
അഴിമതി ആരോപണങ്ങളിൽ ആടിയുലയുന്ന പിണറായി സർക്കാരിനെതിരെ ജനരോഷം ആളിക്കത്തുന്ന സാഹചര്യമാണുള്ളത്. എഐ ക്യാമറ,കെ-ഫോൺ തുടങ്ങിയ വലിയ അഴിമതിക്കൾക്കെതിരെയും നികുതി രാജിനെതിരെയും അതിശക്തമായ പ്രക്ഷോഭ പ്രചാരണ പരിപാടികൾക്ക് രൂപം നൽകാനാണ് കോൺഗ്രസ് തീരുമാനം.
സാമൂഹിക സംഘടനകളെ ഒളിഞ്ഞും തെളിഞ്ഞും സ്വാധീനിക്കാനും ദുരുപയോഗിക്കാനും സംഘപരിവാർ ശക്തികൾ നടത്തുന്ന ശ്രമങ്ങളുടെ പൊള്ളത്തരം ജനങ്ങളിലേക്ക് എത്തിക്കുവാനും അവയെ പ്രതിരോധിക്കുവാനും ആവശ്യമായ നടപടികൾ ചർച്ച ചെയ്ത് രൂപം നൽകും.സമൂഹത്തിൽ വലിയ വിള്ളലുണ്ടാക്കുന്ന ഇത്തരം പൈശാചിക നീക്കങ്ങളെ അതിശക്തമായി എതിർക്കേണ്ട ഉത്തരവാദിത്വം കോൺഗ്രസ് ഏറ്റെടുക്കും.





