03
Jan 2024
Tue
03 Jan 2024 Tue

ഇടുക്കിയില്‍ LDF ഹര്‍ത്താല്‍ തുടങ്ങി; ഗവര്‍ണര്‍ തൊടുപുഴയിലേക്ക് തിരിച്ചു, കരിങ്കൊടി കാട്ടാനൊരുങ്ങി SFI

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൊടുപുഴ: ഭൂമി പതിവ് നിയമ ഭേദഗതി ബില്ലില്‍ ഒപ്പ് വയ്ക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് ഇടുക്കിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. ഹര്‍ത്താലിനിടെ ഗവര്‍ണര്‍ ഇന്ന് ജില്ലയില്‍ എത്തുന്നുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതി ഉദ്ഘാടനത്തിനായാണ് അദ്ദേഹം എത്തുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് എല്‍ഡിഎഫ് ഹര്‍ത്താല്‍.
രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

ഗവര്‍ണറെ തടയില്ലെന്ന് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ കെ.കെ.ശിവരാമന്‍ അറിയിച്ചെങ്കിലും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്‌ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടി നടത്തുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിലും പറഞ്ഞു. ഗവര്‍ണര്‍ക്കു നേരെ പ്രതിഷേധം ഉണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. തൊടുപുഴയില്‍ 500 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1960ലെ ഭൂപതിവ് നിയമഭേദഗതിക്ക് അനുമതി നല്‍കാത്ത ഗവര്‍ണറുടെ നിലപാടിനെതിരെയാണു രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍. ഇതേ കാരണത്തില്‍ എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചും ഇന്നു തന്നെയാണ്.

പരിപാടിയിലേക്ക് പരമാവധി പ്രവര്‍ത്തകരെ എത്തിക്കുമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. കാല്‍നടയായി എത്തുന്ന പ്രവര്‍ത്തകരെ തടഞ്ഞാല്‍ അംഗീകരിക്കില്ലെന്നും സമിതി വ്യക്തമാക്കിയിട്ടുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക